മനാമ: കോവിഡ് പ്രതിസന്ധി മാറിയ സാഹചര്യത്തിൽ, ഇന്ത്യൻ സ്കൂളിൽ തെരഞ്ഞെടുപ്പിലൂടെ നിലവിൽ വരുന്ന പുതിയ ഭരണസമിതി മെഗാഫെയർ നടത്തുന്നതായിരുന്നു ഉചിതമെന്ന് യുനൈറ്റഡ് പാരന്റ്സ് പാനൽ (യു.പി.പി) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാഠ്യവിഷയങ്ങള്‍ എടുത്തുതീര്‍ക്കേണ്ട പ്രധാനപ്പെട്ട ദിവസങ്ങള്‍ സ്കൂള്‍ ഡയറിയില്പോലും രേഖപ്പെടുത്താതെയാണ് ആഘോഷപരിപാടികള്ക്കുവേണ്ടി മാറ്റിവെച്ചത്.
ഇന്ത്യന്‍ സ്കൂള്‍ ഫെയര്‍ നടത്തുന്നതിന് യു.പി.പി എതിരല്ലെന്നും എന്നാല്‍, രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായി രക്ഷിതാക്കളുടെ ഭരണസമിതിയാണ് ഫെയർ നടത്തേണ്ടതെന്നും ഭാരവാഹികൾ പറഞ്ഞു. പരീക്ഷകളും, യുവജനോത്സവവും, പി.ടി.എ മീറ്റിംഗുകളും സ്പോര്‍ട്സ് ഡേയും ഒക്കെ കാരണം തിരക്കേറിയ ഈ സാഹചര്യത്തില്‍ അദ്ധ്യാപകരേയും കുട്ടികളേയും സമ്മര്‍ദ്ദത്തിലാക്കി ഇത്ര ധൃതി പിടിച്ച് മെഗാഫെയര്‍ നടത്തുന്നത് സാമ്പത്തിക ക്രമക്കേടിലൂടെ കോടികണക്കിന് രൂപ വഴിമാറ്റി വിടാനുള്ള ഗൂഢതന്ത്രത്തിന്റെ ശ്രമമാണോ എന്ന് സംശയിക്കുന്നതായി നേതാക്കൾ ആരോപിച്ചു.
മുന്‍ കാലങ്ങളില്‍ ഈ ഭരണസമിതി നടത്തിയ ഫെയറുകളുടെ വരവ് ചെലവ് കണക്കുകള്‍ ഇത് വരെ എവിടെയും വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ല. സ്കൂളിന്റെ ഭാഗത്ത് നിന്നും ഒരു രക്ഷിതാവിന് എന്തെങ്കിലും അനാസഥ നേരിട്ടാല്‍ അത് എടുത്ത് കാണിക്കുകയോ മന്ത്രാലയത്തില്‍ പരാതിപ്പെടുകയോ ചെയ്താല്‍ അവരുടെ പേരില്‍ നിയമനടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ഏത് തരം നീതിയാണെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
കോവിഡ് ആനുകൂല്യംകൊണ്ടു മാത്രം നീട്ടിക്കിട്ടിയ താല്‍ക്കാലിക അധികാരം കോവിഡ് പ്രതിസന്ധി കഴിഞ്ഞിട്ടും തുടരുന്നത് എന്ത് ധാർമികതയുടെ പേരിലാണെന്ന് ഭരണസമിതി വ്യക്തമാക്കണം. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതി കിട്ടുന്നതിനുമുമ്പ് അച്ചടിച്ച് കുട്ടികൾ വഴിയും മറ്റും വിതരണം ചെയ്ത ടിക്കറ്റിൽ നിയമാനുസൃതമല്ലാതെ സ്കൂളിന്റെ സീൽ ദുരുപയോഗം ചെയ്തത് വലിയ അനാസ്ഥയാണെന്നും യു.പി.പി നേതാക്കൾ ചൂണ്ടിക്കാട്ടി.
എന്തെങ്കിലും ധാർമികതയും ആത്മാർഥതയുമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ യു.പി.പി ചെയര്മാൻ എബ്രഹാം ജോണ്‍, ചീഫ് കോഓഡിനേറ്റര്‍ ശ്രീധര്‍ തേറമ്പില്‍, യു.പി.പി നേതാക്കളായ ബിജു ജോർജ്, ഹരീഷ് നായര്‍, ദീപക് മേനോന്, എഫ്.എം. ഫൈസല്‍, ജ്യോതിഷ് പണിക്കർ, മോഹന്‍കുമാര്‍ നൂറനാട്, അബ്ബാസ് സേഠ്, ജോൺ ബോസ്കോ, ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.