മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഈ വർഷത്തെ ആദ്യഫലപ്പെരുന്നാളിന്റെ ഒന്നാം ഘട്ടം പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ ദിവസമായ 2022 നവംബര്‍ 4 വെള്ളിയാഴ്ച്ച കത്തീഡ്രലിൽ വെച്ചു ആദ്യഫല കാഴ്ചകളുടെ സമർപ്പണത്തോടെ വളരെ ഭംഗിയായി ഭക്തി ആദരപൂർവം നടത്തുകയുണ്ടായി.
ആദ്യഘട്ടത്തിന്‍റെ വൻ വിജയത്തിനുശേഷം, രണ്ടാഘട്ടമായി നടത്തുന്ന കത്തീഡ്രൽ കുടുംബ സംഗമം നവംബര്‍ 25 ആം തീയതി വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ചു വിപുലമായി നടത്തുവാൻ വേണ്ടി ആദ്യഫലപ്പെരുന്നാളിന്റെ ജനറല്‍ കൺവീനർ ജേക്കബ് പി. മാത്യു, ജോയിന്റ് ജനറല്‍ കൺവീനേഴ്‌സ് ആയ അനു കെ. വർഗീസ്, വിനു പൗലോസ്, സെക്രട്ടറി ബിനു എം. ഈപ്പൻ എന്നിവരുടെ നേത്യത്വത്തില്‍ വിവിധ കമ്മറ്റികൾ സേവനം ചെയ്ത് വരുന്നു.
വിവിധയിനം ഫുഡ് സ്റ്റാളുകൾ, ഗെയിം സ്റ്റാളുകൾ, മെഡിക്കൽ ചെക്കപ്പ്, ഗാനമേള, നാടൻ പാട്ട്, വടംവലി മത്സരം, മെഗാ മാർഗംകളി, ഡാൻസ്, മ്യൂസിക്കൽ ഫ്യൂഷൻ, ഫാമിലി ഫാഷൻ ഷോ, ബൈബിൾ ഡ്രാമാസ്കോപ്പ് നാടകം തുടങ്ങിയ വളരെ ആകർഷകമായ വിവിധയിനം പ്രോഗ്രാമുകൾ അന്നേദിവസം നടത്തുന്നതാണ്. അതിനോടൊപ്പം ക്രമീകരിച്ചിരിക്കുന്ന വിവിധയിനം മത്സരങ്ങളിൽ വിജയികളാകുന്നവർക്കു ആകർഷകമായ സമ്മാനങ്ങളും നൽകുന്നതാണ്.
കോവിഡ് എന്ന മഹാമാരിയുടെ മോചനത്തിൽ നിന്നും ലോകം കുറച്ചെങ്കിലും മുക്തമായ ഈ സാഹചര്യത്തിൽ കഴിഞ്ഞ രണ്ടു വർഷക്കാലത്തെ ഇടവേളയ്ക്കു ശേഷം ഇടവക ജനങ്ങൾക്കു ഒത്തുകൂടാൻ വേണ്ടവിധം ക്രമീകരിച്ചിരിക്കുന്ന ഈ കുടുംബസംഗമത്തിൽ ഇടവകയിലെ ആബാലവൃദ്ധ ജനങ്ങളും സഹകരിച്ചു പ്രാർഥനാപൂർവം കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് കത്തീഡ്രല്‍ വികാരി റവ. ഫാദർ പോൾ മാത്യു, സഹ വികാരി റവ. ഫാദര്‍ സുനിൽ കുരിയൻ ബേബി, ട്രസ്റ്റി സാമുവേൽ പൗലോസ്, സെക്രട്ടറി ബെന്നി വർക്കി, പബ്ലിസിറ്റി കൺവീനർ ജോൺ ടി. വറുഗീസ് എന്നിവര്‍ അറിയിച്ചു.