മനാമ: ഷുഗർ കൂടി വിരലുകൾ മുറിച്ചുമാറ്റിയ അവസ്ഥയിൽ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി ഷുക്കൂറിനും കുടുംബത്തിനും ആശ്വാസമായി ഹോപ് ബഹ്റൈൻ. ലോൺഡ്രി തൊഴിലാളിയായി തുച്ഛ വേതനത്തിന് ജോലിചെയ്തിരുന്ന ഷുക്കൂറിന് നാല് ഓപറേഷനുകൾ നടത്തി കാൽവിരലുകൾ നീക്കം ചെയ്തെങ്കിലും വ്രണം ഉണങ്ങാത്തതിനാൽ തീരാ ദുരിതത്തിലായിരുന്നു.
വേദനക്കിടയിലും അദ്ദേഹത്തെ അലട്ടിയിരുന്നത് സ്കൂളിൽ പഠിക്കുന്ന മൂന്നു പെൺകുട്ടികൾക്ക് കയറിക്കിടക്കാൻ ഒരു വീടുപോലുമില്ല എന്ന അവസ്ഥയായിരുന്നു. സഹോദരിയുടെ വാടകവീട്ടിൽ അവർക്കൊപ്പം കഴിയുന്ന മക്കൾക്കൊരു വീട് എന്ന ഷുക്കൂറിന്റെ ആഗ്രഹം നടത്തിക്കൊടുക്കണമെന്ന ആഗ്രഹത്തോടെ ഹോപ് ബഹ്റൈൻ സഹായ കമ്മിറ്റി രൂപവത്കരിക്കുകയായിരുന്നു. കുടുംബത്തിനുവേണ്ടി ഹോപ് സമാഹരിച്ച 3.25 ലക്ഷം രൂപ ഹോപ് പ്രസിഡന്റ് സാബു ചിറമേൽ ഹോപ് രക്ഷാധികാരിയും ഷുക്കൂർ സഹായനിധി കൺവീനറുമായ ഷബീർ മാഹിക്ക് കൈമാറി.