ദോഹ: തുടർച്ചയായ ആക്രമണങ്ങൾക്കിടയിലും 61 മിനിറ്റോളം നീണ്ടു നിന്ന സെർബിയൻ പ്രതിരോധപ്പൂട്ട് തകർത്ത് കാനറിപ്പ കന്നിയങ്കത്തിന്റെ വിജയം രുചിച്ചു. വിനീഷ്യല്‍ ജൂനിയര്‍ ഒരുക്കിക്കൊടുത്ത രണ്ട് അവസരങ്ങള്‍ റിച്ചാര്‍ലിസന്‍ കൃത്യമായി വിനിയോഗിച്ചപ്പോഴാണ് പ്രതിരോധം തകർത്ത് 2-0 ന് ബ്രസീൽ വിജയ തീരമണിഞ്ഞത്.
62, 73 മിനിറ്റുകളിൽ റിചാർലിസനാണു ബ്രസീലിനായി ഗോൾ നേടിയത്. സെർബിയ ബോക്സിനുള്ളിൽ ബ്രസീൽ താരങ്ങളുടെ ഒത്തൊരുമയുടെ ഭാഗമായാണ് ലോകകപ്പിലെ കാനറികളുടെ ആദ്യ ഗോൾ പിറന്നത്.
ആദ്യ ഗോൾ നേടി പത്ത് മിനിറ്റു പിന്നിട്ടതിനു പിന്നാലെയാണ് റിചാർലിസനിലൂടെ തന്നെ ബ്രസീൽ വീണ്ടും ലീഡുയർത്തി. വിനീസ്യൂസിന്റെ പാസിൽ ബോക്സിന് അകത്തുനിന്ന് പന്ത് തൊട്ടുയർത്തിയ റിചാർലിസന്‍ മനോഹരമായൊരു ബൈസിക്കിൾ കിക്കിലൂടെ ബ്രസീലിനു രണ്ടാം ഗോൾ സമ്മാനിച്ചു. 73–ാം മിനിറ്റിലായിരുന്നു നേട്ടം.
ഇതോടെ ഗ്രൂപ്പ് ജി യിൽ ബ്രസീൽ ഒന്നാമതായി തുടരുകയാണ്.