മനാമ: കേരളത്തിൽ നിന്നും ലണ്ടനിലേക്ക് സൈക്കിളിൽ സാഹസിക യാത്ര ചെയ്യുന്ന കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ഫായിസ് അഷ്‌റഫ് അലിക്ക് പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ സ്വീകരണം നൽകി. ഓഗസ്റ്റ് 15 ന് കേരളത്തിൽ നിന്നും യാത്ര ആരംഭിച്ച ഫായിസ് അഷ്‌റഫ് അലി കഴിഞ്ഞ ദിവസമാണ് ബഹ്‌റൈനിൽ എത്തി ചേർന്നത്.
രണ്ട് വൻകരകളിലൂടെ 35 രാജ്യങ്ങൾ കടന്ന് 450ദിവസങ്ങൾകൊണ്ടാണ് ലണ്ടനിൽ എത്തിച്ചേരുക. അൽറീഫ് പാൻഏഷ്യ റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാരുടെ ഉപഹാരം പ്രസിഡന്റ് ബാബു ജി നായർ സമ്മാനിച്ചു. മുൻ പ്രസിഡന്റ് കെ. ജനാർദ്ദനൻ പൊന്നാട അണിയിച്ചു.
മുസ്‌തഫ കുന്നുമ്മൽ, എൻ.കെ അഷ്‌റഫ്, ഫാസിൽ വട്ടോളി, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, പങ്കജ് നാഭൻ, തുടങ്ങിയവർ സംസാരിച്ചു. ഫായിസ് അഷ്‌റഫ് അലി സ്വീകരണത്തിന് നന്ദി അറിയിച്ചു കൊണ്ട് മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി വിൻസെന്റ് തോമസ് സ്വാഗതവും, ട്രഷറർ കെ. ഇ സതീഷ് നന്ദിയും പറഞ്ഞു.