മനാമ: ദീർഘകാലമായി ബഹ്റൈനിൽ ദുരിതജീവിതം നയിച്ചിരുന്ന ആന്ധ്ര സ്വദേശിനി ജമീല ബാനു ഒടുവിൽ നാടണഞ്ഞു. ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായമാണ് ഇവർക്ക് തുണയായത്.
30 വർഷം മുമ്പാണ് ജമീല ബാനു ബഹ്റൈനിൽ എത്തിയത്. പിതാവ് റെയിൽവേ ജോലിക്കാരനായിരുന്നു. 12ാമത്തെ വയസ്സിൽ ആദ്യവിവാഹം നടന്ന ഇവർ നല്ലൊരു ജീവിതം തേടി കുവൈത്തിൽ പ്രവാസ ജീവിതം ആരംഭിച്ചു. അതിനിടെ പരിചയപ്പെട്ട കൊല്ലം സ്വദേശിയെ രണ്ടാം വിവാഹം കഴിച്ചു. പിന്നീട്, 1992ൽ ബഹ്റൈനിലെത്തി.
അഞ്ചുവർഷം മുമ്പ് വീണ് കാലൊടിഞ്ഞ് സൽമാനിയ ഹോസ്പിറ്റലിൽ കിടക്കുന്ന സമയംതൊട്ട് കോവിഡ് കൊടുമ്പിരിക്കൊണ്ട സമയത്തും ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈനിെന്റ സഹായത്തോടെയാണ് ജീവിതം നിലനിർത്തിയത്. ഇതിനിടെ, നാട്ടിലേക്ക് അയച്ച് ചികിത്സ ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും വീട്ടുകാരിൽനിന്ന് അനുകൂല മറുപടിയല്ല ലഭിച്ചത്.
ആറുമാസം മുമ്പ് ഇന്ത്യൻ എംബസിയിൽ നടന്ന ഓപൺ ഫോറത്തിൽ ഐ.സി.ആർ.എഫിെന്റയും പ്രതിഭ ഹെൽപ് ലൈനിെന്റയും സഹായത്തോടെ ഇവർ ദുരിതകഥ അംബാസഡർക്ക് മുന്നിൽ അവതരിപ്പിച്ചു. തുടർന്ന്, അവർക്ക് ഔട്ട് പാസ് അനുവദിക്കാൻ തീരുമാനമായി. ടിക്കറ്റും താൽക്കാലിക ചികിത്സക്കുള്ള സംവിധാനവും എംബസി ഒരുക്കി. ഇന്ത്യൻ അംബാസഡറുടെ ഇടപെടൽ ജമീല ബാനുവിനെ നാട്ടിലേക്കയക്കാൻ വലിയ സഹായമായതായി പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, സെക്രട്ടറി പങ്കജ് നല്ലൂർ, മെംബർമാരായ അനീഷ് ശ്രീധരൻ, കെ.ടി. സലീം, ശിവകുമാർ, നിഷ രംഗരാജ്, പ്രതിഭ ഹെൽപ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ, അംഗങ്ങളായ നുബിൻ ആലപ്പുഴ, സൈനുൽ കൊയിലാണ്ടി, ബുഷ്റ നൗഷാദ്, സജീവൻ തേനായി, സാമൂഹിക പ്രവർത്തകരായ സാബു തൃശൂർ, ഫൈസൽ പട്ടാണ്ടി, അഷ്കർ പൂഴിത്തല, ത്രേസ്യാമ്മ എന്നിവരും സഹായത്തിനായി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഡൽഹി വഴി വിശാഖപട്ടണത്തേക്കുള്ള വിമാനത്തിലാണ് ജമീല ബാനു യാത്രയായത്. സഹോദരന്റെ മകൻ രവികൃഷ്ണ വിമാനത്താവളത്തിൽ സ്വീകരിക്കും എന്ന് അറിയിച്ചിരുന്നു.