bahrainvartha-official-logo
Search
Close this search box.

സോപാനം ‘വാദ്യസംഗമം 2022’ ഇന്നും നാളെയും ഇന്ത്യൻ സ്കൂൾ ഇസാ ടൗൺ ക്യാമ്പസ്സിൽ; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

New Project - 2022-12-01T091431.210

മനാമ: സോപാനം വാദ്യകലാസംഘവും കോണ്‍വെക്‌സ് കോര്‍പ്പറേറ്റ് ഇവന്റും സംയുക്തമായി സംഘടിപ്പിക്കുന്ന വാദ്യസംഗമം 2022 ഡിസംബര്‍ 1, 2 തീയതികളില്‍ ബഹ്‌റൈന്‍ ഇസടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ അങ്കണത്തില്‍ അരങ്ങേറും. പാര്‍ലമെന്റ് മുന്‍ അംഗവും സിനിമാതാരവുമായ സുരേഷ് ഗോപി, കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, സിനിമാതാരം ഉണ്ണി മുകുന്ദന്‍, സോപാന ഗായകന്‍ അമ്പലപ്പുഴ വിജയകുമാര്‍, ഗായകന്‍ വിവേകാനന്ദന്‍, കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് പ്രകാശ് ഉള്ള്യേരി, കാഞ്ഞിലശേരി പത്മനാഭന്‍, ഡോ: ചെറുതാഴം കുഞ്ഞിരാമ മാരാര്‍, മട്ടന്നൂര്‍ ശ്രീരാജ്, ചിറക്കല്‍ നിധീഷ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഡിസംബര്‍ 1 ന് വ്യാഴാഴ്ച വൈകീട്ട് 6 നു കേളികൊട്ടോടുകൂടി വാദ്യസംഗമത്തിനു തുടക്കമാവും. തുടര്‍ന്ന് മുത്തുക്കുട, താലപ്പൊലി, വാദ്യമേളം, വള്ളപ്പാട്ട് എന്നിവയോടെ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് സ്വീകരണവും വാദ്യസംഗമം 2022 ഉദ്ഘാടനവും നടക്കും. ‘വാദ്യസംഗമം 2022’ സിനിമാതാരം ഉണ്ണിമുകുന്ദന്‍ ഉദ്ഘാടനം ചെയ്യും.

വാദ്യകലയില്‍ 60 വര്‍ഷം പൂര്‍ത്തീകരിക്കുന്ന പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാരെ സോപാനം വാദ്യകലാസംഘത്തിന്റെ പരമോന്നത പുരസ്‌കാരമായ ‘വാദ്യകൈരളിരത്‌നം’ പുരസ്‌കാരം നല്‍കി സോപാനം കുടുംബം ആദരിക്കും. സോപാനം നടത്തിവരുന്ന ഭാരത മേളപരിക്രമം മേളാര്‍ച്ചനയാത്രയുടെ ഭാഗമായി വാദ്യകലയ്ക്ക് ജീവിതമുഴിഞ്ഞുവെച്ച വാദ്യകലാഗുരുക്കന്മാര്‍ക്ക് സമര്‍പ്പിക്കുന്ന ‘സോപാനം തൗര്യത്രികം പുരസ്‌കാരം’ 2016 മുതല്‍ നല്‍കിവരുന്നുണ്ട്. 2019, 2020, 2021 വര്‍ഷത്തെ പുരസ്‌കാരങ്ങളും മേളാര്‍ച്ചനായാത്രയും മഹാമാരി മൂലം മുടങ്ങിയതിനാല്‍, മുടങ്ങിയ വര്‍ഷത്തെ അടക്കം പുരസ്‌കാരങ്ങളും പ്രഖ്യാപിക്കുകയാണ്. 2019 ലെ പുരസ്‌കാരം കേളത്ത് അരവിന്ദാക്ഷമാരാര്‍ക്കും, 2020 ലെ പുരസ്‌കാരം വെളിതൂരുത്തി ഉണ്ണിനായര്‍ക്കും, 2021 ലെ പുരസ്‌കാരം കടന്നപ്പള്ളി ശങ്കരന്‍കുട്ടി മാരാര്‍ക്കും സമര്‍പ്പിക്കൂം. ഗുരുദക്ഷിണയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം കേരളത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വാദ്യകലാ ഗുരുക്കന്മാര്‍ക്ക് സമര്‍പ്പിക്കും. പ്രവാസി ഭാരതീയ പുരസ്‌കാരജേതാവും സാമൂഹിക സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രമുഖനുമായ കെ.ജി. ബാബുരാജനെ വാദ്യസംഗമവേദിയില്‍ ആദരിക്കും. തുടര്‍ന്ന് 8 കൗമാര പ്രതിഭകളുടെ തായമ്പക അരങ്ങേറ്റവും തായമ്പകയിലെ യുവരാജാക്കന്മാര്‍ എന്ന് വിശേഷിപ്പിക്കാവുന്ന മട്ടന്നൂര്‍ ശ്രീരാജ്, ചിറയ്ക്കല്‍ നിധീഷ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന മേജര്‍ തായമ്പകയും അരങ്ങേറും.

രണ്ടാം ദിവസമായ ഡിസംബര്‍ 2 വെള്ളിയാഴ്ച വൈകിട്ട് 5.30 മുതല്‍ കേളിയും തുടര്‍ന്ന് പ്രവാസലോകത്ത് ആദ്യമായി 10 സോപാനസംഗീത വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും സോപാന സംഗീതജ്ഞന്‍ അമ്പലപുഴ വിജയകുമാറിന്റെ നേതൃത്വത്തില്‍ നടക്കും. സിനിമാതാരം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാര്‍, വിവേകാനന്ദന്‍, പ്രകാശ് ഉളേള്യരി തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഫ്യൂഷന്‍ സംഗീത പരിപാടി അരങ്ങേറും. മട്ടന്നൂര്‍ ശങ്കരങ്കുട്ടിമാരാര്‍, കാഞ്ഞിലശേരി പത്മനാഭന്‍ എന്നിവരുടെ മേളപ്രമാണത്തില്‍ 250 ലധികം വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന പഞ്ചാരിമേളത്തില്‍ 32 മേളകലാവിദ്യാര്‍ത്ഥികള്‍ അരങ്ങേറും. വാദ്യസംഗമം 2022 ലേക്ക് ഏവര്‍ക്കും പ്രവേശനം സൗജന്യമാണ്. പരിപാടികള്‍ ആസ്വദിക്കുവാനായി ഏവരേയും വാദ്യസംഗമം 2022 ലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!