മനാമ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ രണ്ടാം വാർഷികവും ബഹ്‌റൈൻ ദേശീയ ദിനാചരണവും ഡിസംബർ 17 ന് വൈകിട്ട് 4 30 മുതൽ 11 മണി വരെ കന്നഡ സംഘം ഹാളിൽ വെച്ചു സംഘടിപ്പിക്കുന്നു.
പത്തനംതിട്ട ലോക്സഭ എം പി ആന്റോ ആന്റണി ചടങ്ങിന്റെ ഉദ്ഘാടനകർമ്മം നിർവഹിക്കും. പ്രസ്തുത ചടങ്ങിൽ 2023-2024 ലെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും ക്രിസ്തുമസ് പുതുവല്സര ആഘോഷങ്ങളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
സഹൃദയ അവതരിപ്പിക്കുന്ന നാടൻ പാട്ട്, ഗോത്രകലാസംഘം അവതരിപ്പിക്കുന്ന പത്തനംതിട്ടയുടെ തനതു കലാരൂപമായ പടയണി, തുടങ്ങി മറ്റു നിരവധി കലാ സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കുന്നതാണ് .
ചടങ്ങിൽ കൊറോണ മഹാമാരിക്കാലത്തു സ്വജീവിതം പണയം വെച്ചും ആതുര സേവനം നിർവഹിച്ച പത്തനംതിട്ട ജില്ലയുടെ അഭിമാനമായ അസോസിയേഷനിലെ നഴ്സുമാരെ ആദരിക്കും.
ബോബി പുളിമൂട്ടിൽ കൺവീനറും, ഫിന്നി ഏബ്രഹാം സഹ കൺവീനറും അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു. വി, സെക്രട്ടറി സുഭാഷ് തോമസ്, ട്രെഷറർ വര്‍ഗീസ് മോടിയിൽ തുടങ്ങിയവർ കോഓർഡിനേറ്റർമാരായും പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 34367281 ൽ ബന്ധപ്പെടുക.