മനാമ: ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ വിദ്യാർത്ഥികൾ ബഹ്‌റൈൻ ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അറബിക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യവും മതസഹിഷ്ണുതയും എടുത്തുകാട്ടുന്നതായിരുന്നു.
ദേശീയ പതാകകൾ വീശിയും ദേശഭക്തി ഗാനങ്ങൾ ആലപിച്ചും വിദ്യാർത്ഥികൾ ദേശീയ ദിനം ആഘോഷിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിച്ചു. പരമ്പരാഗത ബഹ്‌റൈൻ വസ്ത്രം ധരിച്ച വിദ്യാർത്ഥികൾ ബഹ്‌റൈൻ പതാകകൾ വീശി ഘോഷയാത്രയിൽ അണിനിരന്നു.
സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, ഇ.സി അംഗം-അക്കാദമിക്‌സ് മുഹമ്മദ് ഖുർഷിദ് ആലം, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
പ്രിൻസ് എസ് നടരാജൻ ദേശീയ പതാക ഉയർത്തി.തുടർന്ന് ദേശീയ ഗാനവും വിശുദ്ധ ഖുർആൻ പാരായണവും നടന്നു. രാജ്യത്തോടുള്ള ആദരസൂചകമായി വിദ്യാർത്ഥികൾ പരമ്പരാഗത നൃത്തം അവതരിപ്പിച്ചു. രാജ്യത്തിനുവേണ്ടിയുള്ള അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും അധ്യാപകരെ ആദരിച്ചു. സൈനബ് മുഹമ്മദും അബ്ദുല്ല എ ജലീലും ബഹ്റൈനെ കുറിച്ച് പ്രസംഗം നടത്തി. പരമ്പരാഗത വേഷവിധാന മത്സരവും നടന്നു . പരമ്പരാഗത ബഹ്‌റൈൻ നൃത്തമായ ലിവയും ഫാഷൻ ഷോയും പരിപാടിയെ വർണ്ണാഭമാക്കി. അറബിക് വകുപ്പ് മേധാവി റുകയ്യ എ.റഹീം പരിപാടികൾ ഏകോപിപ്പിച്ചു.