മനാമ: സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം 2022 ഡിസംബർ 23 വെള്ളിയാഴ്ച കെ.സി.എ ഹാളിൽ വച്ച് നടത്തപ്പെട്ടു. സമൂഹത്തിൽ യുവാക്കളുടെ പങ്കിനെക്കുറിച്ചും, ഉത്തരവിദിത്വത്തെക്കുറിച്ചും ഓർമ്മിപ്പിച്ചുകൊണ്ട് മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കട്ട ഭദ്രാസനാധിപനും, സൺഡേസ്കൂൾ പ്രസിഡന്റുമായ അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം നിർവഹിച്ചു.
ബഹ്‌റൈൻ യുവജന പ്രസ്ഥാനത്തിൻറെ പ്രവർത്തനങ്ങളെ അദ്ദേഹം ചടങ്ങിൽ അഭിനന്ദിച്ചു. യുവജനപ്രസ്ഥാനം പ്രസിഡന്റും കത്തീഡ്രൽ വികാരിയുമായ ഫാ. പോൾ മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ യുവജനപ്രസ്ഥാനം സെക്രട്ടറിയും വജ്ര ജൂബിലി പബ്ലിസിറ്റി കൺവീനറുമായ അജി ചാക്കോ പാറയിൽ സ്വാഗതം ആശംസിച്ചു.
യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റും വജ്ര ജൂബിലി ജനറൽ കൺവീനറുമായ ക്രിസ്റ്റി പി. വർഗ്ഗീസ് ജൂബിലി ആഘോഷങ്ങളെ കുറിച്ച് സംസാരിച്ചു. യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റും കത്തീഡ്രൽ സഹ വികാരിയുമായ ഫാ. സുനിൽ കുര്യൻ ബേബി, കത്തീഡ്രൽ സെക്രട്ടറി ബെന്നി വർക്കി, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും കത്തീഡ്രൽ അംഗവുമായ അഡ്വ. ബിനു മണ്ണിൽ, യുവജന പ്രസ്ഥാനം ട്രഷറർ ഷിജു സി. ജോർജ്ജ് എന്നിവർ സംസാരിച്ചു. പാരമ്പര്യ ക്രിസ്തീയ കലാരൂപമായ മാർഗ്ഗംകളി, വജ്ര ജൂബിലി തീം- സോങ്, കുട്ടികളുടെയും മുതിർന്നവരുടെയും ഡാൻസുകൾ, മ്യൂസിക്കൽ ഫ്യൂഷൻ, സ്റ്റാൻഡ്-അപ്പ് കോമഡി, മ്യൂസിക്കൽ മാഷപ്പ്, പാട്ടുകൾ എന്നിവ സമാപന സമ്മേളനത്തിൽ അവതരിപ്പിച്ചു. ആഘോഷ പരിപാടികളുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച വജ്ര ജൂബിലി കമ്മറ്റി അംഗങ്ങളെയും, സഹകരിച്ച എല്ലാവരെയും, വിവിധ മത്സരങ്ങളിൽ വിജയികളായവരെയും ചടങ്ങിൽ ആദരിച്ചു. വജ്ര ജൂബിലി കമ്മറ്റി അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. വജ്ര ജൂബിലി പ്രോഗ്രാം കൺവീനർ ജിനു ചെറിയാൻ നന്ദി അറിയിച്ചു.