മനാമ: നിർമ്മാണം പുരോഗമിക്കുന്ന അൽ ഫാത്തിഹ് ഹൈവേ നവീകരണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ബഹ്റൈനിലെ ആദ്യത്തെ യു-ടേൺ ഫ്ലൈഓവർ ഗതാഗതത്തിന് തുറന്നുകൊടുത്തു. പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജാണ് കഴിഞ്ഞ ദിവസം ജുഫൈറിലെ ഫ്ലൈഓവർ ഉദ്ഘാടനം ചെയ്തത്.
ജുഫൈറിൽനിന്ന് പ്രിൻസ് സഊദ് അൽ ഫൈസൽ റോഡിലൂടെ അൽ ഫാത്തിഹ് ഹൈവേയിൽ പ്രവേശിച്ച് തെക്ക് ഭാഗത്തേക്കും മിനാ സൽമാനിലേക്കും പോകുന്നവരെ ഉദ്ദേശിച്ചാണ് യു-ടേൺ ഫ്ലൈഓവർ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് പുറമേ, പടിഞ്ഞാറ് ഭാഗത്ത് ശൈഖ് ദുഐജ് റോഡിലേക്ക് പോകുന്നവർക്കും ഇത് പ്രയോജനപ്പെടും. പ്രിൻസ് സഊദ് അൽ ഫൈസൽ റോഡിൽനിന്ന് അൽ ഫാതിഹ് ഹൈവേയിലേക്ക് ഇടത്തോട്ട് തിരിയുന്നതിനുള്ള പാത അടക്കുകയും ചെയ്യും. ഇവിടെയുള്ള ട്രാഫിക് സിഗ്നൽ സ്ഥിരമായി അവസാനിപ്പിക്കുന്നതിന് മുന്നോടിയായാണ് ഇത്.
40.5 മില്യൺ ദിനാർ ചെലവിൽ നടപ്പാക്കുന്ന അൽ ഫാതിഹ് ഹൈവേ വികസനം ഇതുവരെ 51 ശതമാനം പൂർത്തിയായതായി മന്ത്രി അറിയിച്ചു. 2021 ഏപ്രിലിൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ 2024ൽ പൂർത്തിയാകും. പദ്ധതി പൂർത്തിയാകുമ്പോൾ അൽ ഫാത്തിഹ് ഹൈവേയിലൂടെ പ്രതിദിനം സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം നിലവിലെ 87,000ൽനിന്ന് 140,000 ആയി ഉയരും.
മനാമ ഭാഗത്തുനിന്ന് പ്രിൻസ് സൗഉദ് അൽ ഫൈസൽ ഹൈവേ വഴി ജുഫൈറിലേക്ക് പോകുന്നവർക്കായി നിർമിക്കുന്ന ലെഫ്റ്റ് ടേൺ ഫ്ലൈഓവറിന്റെ നിർമാണം പുരോഗമിക്കുകയാണ്. അടുത്ത വർഷം ആദ്യ പാദത്തിൽ ഇത് ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. ഗൾഫ് ഹോട്ടൽ ജംഗ്ഷനിൽ ഇരുദിശയിലേക്കും മൂന്ന് വരി അടിപ്പാതയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.