മനാമ: കോവിഡാനന്തരം ഗൾഫ് മേഖലയിലെ തൊഴിൽവിപണിയിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും പുതിയ സാധ്യതകൾ തുറക്കപ്പെടുന്നത് പ്രതീക്ഷ നൽകുന്നതാണെന്ന് ആർ.എസ്.സി ബഹ്റൈൻ കലാലയം സാംസ്കാരികവേദി സംഘടിപ്പിച്ച സെമിനാർ വിലയിരുത്തി. ഡിസംബർ 30, 31 തീയതികളിൽ അബൂദബിയിൽ നടക്കുന്ന ആർ.എസ്.സി ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായാണ് ‘ഗൾഫ് തൊഴിൽ മാറ്റങ്ങൾ, സാധ്യതകൾ’ എന്ന ശീർഷകത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചത്. മലയാളിക്ക് ഏത് സാഹചര്യങ്ങളുമായും പൊരുത്തപ്പെട്ട് ഗൾഫ് തൊഴിൽമേഖലയിൽ പിടിച്ചുനിൽക്കാനുള്ള ശേഷിയുണ്ടെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ഡോ. സ്വലാഹുദ്ദീൻ അയ്യൂബി അഭിപ്രായപ്പെട്ടു. വിഷൻ 2030 പ്രകാരം ബഹ്റൈനിലും മറ്റു നൂതന വികസനപദ്ധതികളിലൂടെ ഇതര ഗൾഫ് രാഷ്ട്രങ്ങളിലും പുതിയ തൊഴിൽസാധ്യതകൾ തുറക്കപ്പെടുന്നത് സന്തോഷകരമാണെന്ന് ഗൾഫ് മാധ്യമം ബഹ്റൈൻ ബ്യൂറോ ചീഫ് സിജു ജോർജ് പറഞ്ഞു.
ഐ.സി.എഫ് ബഹ്റൈൻ വെൽഫെയർ പ്രസിഡന്റ് സിയാദ് വളപട്ടണം, വി.പി.എസ് ഹെൽത്ത് കെയർ ഒമാൻ സീനിയർ മാർക്കറ്റിങ് മാനേജർ റഫീഖ് ഒമാൻ, ആർ.എസ്.സി ബഹ്റൈൻ മുൻ കലാലയം കൺവീനർ ഫൈസൽ ചെറുവണ്ണൂർ എന്നിവരും സെമിനാറിൽ സംസാരിച്ചു. മുനീർ സഖാഫിയുടെ പ്രാർഥനയോടെ തുടങ്ങിയ പരിപാടിയിൽ റഷീദ് തെന്നല സ്വാഗതവും ശിഹാബ് പരപ്പ നന്ദിയും പറഞ്ഞു.
സ്വഫ്വാൻ സഖാഫി മോഡറേറ്ററായിരുന്നു. അബ്ദുല്ല രണ്ടത്താണി, ഹബീബ് ഹരിപ്പാട്, അഷ്റഫ് മങ്കര, ജാഫർ ശരീഫ്, ജഹ്ഫർ പട്ടാമ്പി, മുഹമ്മദ് അലി സഖാഫി, അബ്ദു റഹ്മാൻ, ഫൈസൽ വടകര, ഉമർ അലി, വാരിസ് എന്നിവർ നേതൃത്വം നൽകി.