മനാമ: ക്രൗൺ പ്രിൻസ് ഇന്റർനാഷണൽ സ്കോളർഷിപ്പ് പ്രോഗ്രാം (CPISP) ന്റെ 280 അപേക്ഷകരുടെ യോഗ്യതാ പരീക്ഷയുടെ മൂല്യനിർണ്ണയം ആരംഭിച്ചു. ബഹ്‌റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻസിന്റെ സഹകരണത്തോടെ നടത്തുന്ന സ്കോളർഷിപ്പ് പ്രോഗ്രാമിൽ പങ്കെടുക്കുന്നവരുടെ ഇംഗ്ലീഷ് ഭാഷയും ക്രിട്ടിക്കൽ റീസണിങ് സ്കിൽസും വിലയിരുത്തുന്നതിനാണ് യോഗ്യതാ പരീക്ഷകൾ നടത്തിയത്.
യോഗ്യതാ പരീക്ഷയിൽ ഇംഗ്ലീഷ് ഭാഷയുടെ പ്രാവീണ്യം മനസ്സിലാകുന്നതിനായി ഓൺലൈൻ കമ്പ്യൂട്ടർ ടെസ്റ്റും അതോടൊപ്പം വെർബൽ, ന്യൂമെറിക്കൽ, ഡയഗ്രമറ്റിക്കൽ എന്നീ വിഭാഗത്തിൽ ക്രിട്ടിക്കൽ റീസണിങ് ടെസ്റ്റും ഉണ്ടായിരുന്നതായി CPISP ഡയറക്ടർ ഡോ.സിൻഷ്യ ഗാസ്ലിംഗ് പറഞ്ഞു.
യോഗ്യതാ പരീക്ഷയുടെയും ഗ്രേഡ് പോയിന്റിന്റെ ശരാശരിയുടെ അടിസ്ഥാനത്തിൽ ചുരുങ്ങിയത് 60 പേരെ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കാനാണ് തീരുമാനമെന്നും ഡോ.സിൻഷ്യ കൂട്ടിച്ചേർത്തു. തിരഞ്ഞെടുത്തവരുടെ പേരുകൾ മെയ് അവസാനത്തോടെ പ്രഖ്യാപിക്കും. അവർക്കായി വിവിധ പരിശീലന കോഴ്സുകൾ നടത്തുകയും അടുത്ത മാർച്ചിൽ അവസാന 10 പേരെ തിരഞ്ഞെടുക്കുകയും ചെയ്യും.