ബസ്റ: 25-ആമത് ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആദ്യ മൽസരത്തിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ ബഹ്റൈൻ യു എ ഇ യെ 2-1ന് പരാജയപ്പെടുത്തി. ഇറാഖിലെ ബസ്രയിലായിരുന്നു മൽസരം. ആദ്യ പകുതി ഗോൾ രഹിത സമനിലയിലായിരുന്ന വാശിയേറിയ പോരാട്ടത്തിൽ 60-ാം മിനിറ്റിൽ അൽ അസ്വാദാണ് ബഹ്റൈനായി ആദ്യ ഗോൾ നേടിയത്. തുടർന്ന് 77-ാം മിനിറ്റിൽ അൽ ഷെയ്ഖും രണ്ടാം ഗോൾ സ്വന്തമാക്കി. കളി അവസാനിക്കാറായപ്പോൾ അധിക സമയത്തിലെ രണ്ടാം മിനിറ്റിൽ മാത്രമാണ് യു എ ഇ ക്ക് ഒരു ഗോൾ തിരിച്ചടിക്കാനായത്. തഗലിയാബു ആണ് ഗോൾ നേടിയത്.
ബഹ്റൈനും യു.എ.ഇ ക്കും പുറമേ ഖത്തർ, കുവൈത്ത് എന്നിവരാണ് ഗ്രൂപ്പ് ബി യിൽ ഉള്ളത്. ജനുവരി 10 ന് ഖത്തറിനെതിരെയാണ് ബഹ്റൈന്റെ രണ്ടാം മത്സരം, ജനുവരി 13 ന് കുവൈത്തിനെയും നേരിടും.
ഗ്രൂപ് ‘എ’ യിൽ സൗദി അറേബ്യ, ഒമാൻ, ഇറാഖ്, യമൻ എന്നീ ടീമുകളാണ് ഏറ്റുമുട്ടുന്നത്. ഇന്നലെ നടന്ന മത്സരങ്ങളിൽ സൗദി യെമനെ 2:0 ന് പരാജയപ്പെടുത്തിയപ്പോൾ ഇറാഖും ഒമാനും ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു. രണ്ടു ഗ്രൂപ്പുകളിലായി രണ്ടു ടീമുകൾ വീതം സെമിയിലേക്ക് യോഗ്യത നേടും.