മനാമ: ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കി സ്‌കൂളിനോട് വിടവാങ്ങുന്ന വിദ്യാർത്ഥികൾക്കായി വർണശബളമായ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. പതിനൊന്നാം ക്ലാസിലെ വിദ്യാർത്ഥികളാണ് സീനിയർ വിദ്യാർത്ഥികൾക്ക് യാത്രയയപ്പു നൽകിയത്.
പ്രിൻസിപ്പൽ വി ആർ പളനിസ്വാമി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽമാർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, പ്രധാന അധ്യാപകർ, സ്റ്റാഫ് , വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു. പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി തന്റെ അനുമോദന പ്രസംഗത്തിൽ മികച്ച വിജയം നേടുന്നതിനും സമൂഹത്തിൽ ഉത്തരവാദിത്തമുള്ള ചുമതലകൾ ഏറ്റെടുക്കുന്നതിനും വിദ്യാർത്ഥികൾക്ക് കഴിയട്ടെയെന്നു ആശംസിച്ചു. ഹെഡ് ടീച്ചർ റെജി വറുഗീസ് തന്റെ പ്രസംഗത്തിൽ വിദ്യാർഥികൾ സാമൂഹിക പ്രതിബദ്ധതയുടെയും സത്യസന്ധതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നു പറഞ്ഞു. ഹെഡ് ബോയ് ആദർശ് അഭിലാഷ്, ഹെഡ് ഗേൾ വിഘ്നേശ്വരി നടരാജൻ എന്നിവർ പ്രസംഗിച്ചു.
ദേശീയ ഗാനം, വിശുദ്ധ ഖുർആൻ പാരായണം, സ്കൂൾ പ്രാർത്ഥന എന്നിവയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. അസി. ഹെഡ് ബോയ് അയാൻ മുഹമ്മദ് ഇബ്രാഹിം, അസി.ഹെഡ് ഗേൾ ശ്രീലക്ഷ്മി മനോജ് എന്നിവർ സ്വാഗതം പറഞ്ഞു. സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി നൃത്തവും സംഗീത മേളയും അരങ്ങേറി. റാമ്പ് വാക്ക്, ഗെയിമുകൾ, പാട്ടുകൾ, ബാൻഡ് എന്നിവ പരിപാടിയെ ചടുലവും വർണ്ണാഭവുമാക്കി. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വിദ്യാർത്ഥികൾക്ക് മികച്ച വിജയം ആശംസിച്ചു.