മനാമ: ബഹ്റൈനിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ ആറാമത് ശാഖ ഹമദ് ടൗൺ സൂഖ് വാഖിഫിൽ പ്രവർത്തനമാരംഭിച്ചു. അൽ ഹിലാൽ ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർമാരായ ഡോ. പി.എ. മുഹമ്മദ്, അബ്ദുൽ ലത്തീഫ്, സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ബിസിനസ് ഡെവലപ്മെന്റ് ഹെഡ് ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സഹൽ ജമാലുദ്ദീൻ എന്നിവരുടെ സാന്നിധ്യത്തിലാണ് അൽ ഹിലാൽ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ സെന്ററർ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുകയാണ് മെഡിക്കൽ സെന്റററിന്റെ ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടർമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പുതിയ ശാഖ തുറക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് ഉപ്പള പറഞ്ഞു. ബഹ്റൈനിലെ ഓരോ വ്യക്തിക്കും സുസ്ഥിരവും മികച്ചതുമായ ആരോഗ്യപരിപാലനം ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ കൂടുതൽ ശാഖകൾ ആരംഭിക്കും.
ഈ വർഷം ഹിദ്ദിലും സിത്രയിലും ശാഖകൾ തുറക്കുന്നുണ്ട്. 2023ൽ മൂന്ന് മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ സെന്ററുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആധുനിക സാങ്കേതിക വിദ്യയും മൊബൈൽ ആപ്ലിക്കേഷനും ഉൾച്ചേർത്തുകൊണ്ടാണ് ഹമദ് ടൗൺ ശാഖ ആരംഭിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ ഡോ. പി.എ. മുഹമ്മദ് പറഞ്ഞു. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച അനുഭവം ഇതുവഴി ലഭ്യമാകും. പീഡിയാട്രിക്സ്, ഓഫ്താൽമോളജി, എമർജൻസി, ഗൈനക്കോളജി, ഇ.എൻ.ടി, റേഡിയോളജി ഡെന്റൽ, ഡെർമറ്റോളജി, ജനറൽ മെഡിസിൻ തുടങ്ങിയ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ സെന്ററാണ് ഹമദ് ടൗണിലേതെന്ന് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ പറഞ്ഞു. അഞ്ച് ഡെന്റൽ സബ് സ്പെഷാലിറ്റികളും ഇവിടെയുണ്ട്. ഈ മാസം അവസാനം മെഡിക്കൽ സെന്ററിെന്റ വിപുലമായ ഉദ്ഘാടനം നടക്കും.
ഉദ്ഘാടനത്തിെന്റ ഭാഗമായി ഫെബ്രുവരി 13വരെ എല്ലാ വിഭാഗങ്ങളിലും സൗജന്യ കൺസൽട്ടേഷനും ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ മുഹറഖ്, മനാമ, സൽമാബാദ്, റിഫ, അസ്കർ എന്നിവിടങ്ങളിൽ അൽ ഹിലാൽ ഹെൽത്ത് കെയർ ശാഖകളുണ്ട്.