മനാമ: തുർക്കിയയിലെയും സിറിയയിലെയും പ്രകൃതിക്ഷോഭത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് അവശ്യവസ്തുക്കൾ എത്തിക്കാൻ പ്രവാസി വെൽഫെയർ നടത്തിയ ശ്രമത്തിന് ബഹ്റൈൻ പ്രവാസി സമൂഹത്തിന്റെ ആവേശകരമായ പ്രതികരണം. കുട്ടികൾക്കും മുതിർന്നവർക്കും തണുപ്പിനെ പ്രതിരോധിക്കാനുള്ള പുതിയ വസ്ത്രങ്ങൾ, ബ്ലാങ്കറ്റ്, പാദരക്ഷകൾ, ഭക്ഷണ പദാർത്ഥങ്ങൾ തുടങ്ങി പ്രവാസി സെൻ്ററിൽ ശേഖരിച്ച വസ്തുക്കൾ വേർതിരിച്ച് പ്രത്യേകം പാക്കറ്റുകളാക്കി തുർക്കിയയിലെയും സിറിയയിലെയും എംബസി അധികൃതർക്ക് കൈമാറി.
പ്രവാസി വെൽഫെയർ ഹെൽപ്പ് ഡെസ്ക് വഴി ശേഖരിച്ച അവശ്യ വസ്തുക്കൾ തരംതിരിച്ച് പാക്കറ്റുകളിൽ ആക്കിയ വസ്തുക്കൾ തുർക്കി അംബാസഡർ എസിൻ കാക്കിൽ, സിറിയൻ കോൺസുലർ ഖാലിദ് പട്ടാൻ എന്നിവർ ഏറ്റുവാങ്ങി. ഇന്ത്യൻ ജനതയുടെ സ്നേഹത്തിനും കരുതലിനും അവർ നന്ദി പറഞ്ഞു.
പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലിയുടെ നേതൃത്വത്തിൽ ബദറുദ്ദീൻ പൂവാർ, വെൽകെയർ കൺവീനർ മജീദ് തണൽ, അനസ് കാഞ്ഞിരപ്പള്ളി, ഹാഷിം, ഫസലൂർ റഹ്മാൻ, ബഷീർ വൈക്കിലശ്ശേരി, ടാൽവിൽ, സിറാജ് ഏറത്ത്, റാസിഖ്, സുബൈർ എം. എം. എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പ്രവാസി സെൻ്ററിൽ അവശ്യ വസ്തുക്കളുടെ ശേഖരണം തുടരുമെന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം. മുഹമ്മദലി അറിയിച്ചു.