മനാമ: ബഹ്‌റൈനിലെ പ്രമുഖ മാധ്യമ പ്രവർത്തകനും ഗൾഫ് മാധ്യമം ചീഫ് കറസ്‌പോണ്ടന്റുമായ സിജോ ജോർജിന് ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി. വാർത്തകൾക്കൊപ്പം ബഹ്റൈന്റെ പൗരാണികവും കൗതുകമുണർത്തുന്നതുമായ പല ചരിത്രങ്ങളും വായനക്കാരിലേക്കെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഏവരോടും ഊഷ്മളവും ഹൃദ്യവുമായ ബന്ധം കാത്ത് സൂക്ഷിക്കുന്ന മാധ്യമ പ്രവർത്തനയായിരുന്നു അദ്ദേഹം. സംഘടനകളുടെ വാർത്തകൾ ജനങ്ങളിലേക്കെത്തിക്കുവാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾക്ക് അസോസിയേഷൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പൊതു സമൂഹമായി മികച്ച ബന്ധം കാത്ത് സൂക്ഷിക്കുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷന്റെ അദ്ദേഹത്തിനുള്ള ഉപഹാരം പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി നൽകി. വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി ഇരിങ്ങൽ സ്വാഗതം പറഞ്ഞു.
മജീദ് തണൽ, ബദറുദ്ധീൻ, ഗഫൂർ മൂക്കുതല തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് മുഹിയുദ്ധീൻ, അബ്ദുല്ല, അസ്‌ലം, ഷരീഫ്, സമീർ ഹസൻ, മുഹമ്മദ് അലി, ടി. ടി. മൊയ്തീൻ, നൗഷാദ്, സലീന ജമാൽ തുടങ്ങിയവർ നേതൃത്വം നൽകി.