bahrainvartha-official-logo
Search
Close this search box.

ജനറല്‍ ബോഡിയെ കുറിച്ച് ഭരണസമിതി നടത്തിയ പത്ര പ്രസ്താവന വസ്തുതയ്ക്ക് നിരക്കാത്തത് – യു.പി.പി

UPP

ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി ഈ വെള്ളിയാഴ്ച നടത്തിയ വാര്‍ഷിക ജനറല്‍ ബോഡിയെ കുറിച്ച് പത്രമാധ്യമങ്ങളിലൂടെ പുറപ്പെടുവിച്ച വാര്‍ത്തകള്‍ തികച്ചും വാസ്തവ വിരുദ്ധവും വളച്ചൊടിച്ചതുമാണെന്ന് യു.പി.പി നേതാക്കള്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

രാവിലെ 8 മണിക്ക് തുടങ്ങേണ്ടുന്ന ജനറല്‍ ബോഡി കോറം തികയാത്തതിനാല്‍ 8.30 ന് വൈകിയാണ് യോഗം ആരംഭിച്ചത്. യോഗ നടപടികളുടെ തുടക്കത്തില്‍ തന്നെ ഒരു രക്ഷിതാവ് അടിയന്തര പ്രമേയത്തിലൂടെ നിലവിലെ ഭരണ സമിതിക്ക് ഈ വര്‍ഷത്തോടെ അവസാനിക്കുന്ന മൂന്ന് വര്‍ഷം തുടരാനുള്ള അനുമതി ഏതെങ്കിലും മന്ത്രാലയത്തിന്‍റെ ഭാഗത്തു നിന്നോ ബഹുമാനപ്പെട്ട കോടതിയുടെ ഭാഗത്തു നിന്നോ കിട്ടിയിട്ടുണ്ടെങ്കിൽ അത് രക്ഷിതാക്കള്‍ മുമ്പാകെ ജനറല്‍ ബോഡിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തികഞ്ഞ ധാര്‍ഷ്ട്യത്തോടെയും ഏകാധിപത്യ പ്രവണതയോടേയും ഭരണസമിതിയംഗങ്ങള്‍ അത് നിഷേധിക്കുകയും മറ്റു യോഗ നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യാന്‍ മുതിര്‍ന്നപ്പോള്‍ ഉണ്ടായ പ്രതിഷേധ ശബ്ദങ്ങളും വാക്കുതര്‍ക്കങ്ങളും കാരണം ഏകദേശം ഉച്ചവരെ യോഗനടപടികള്‍ നിശ്ചലമാകുകയാണുണ്ടായത്. ഉച്ചയ്ക്ക് ശേഷം വീണ്ടും തുടങ്ങിയ യോഗ നടപടികളില്‍ സ്കൂളിന്‍റെ വികസനത്തിനും സാമ്പത്തിക ലാഭത്തിനുമായി സോളാർ പാനൽ നിർമ്മാണത്തിനും പത്ത് വര്‍ഷത്തിന് മുമ്പ് പണിത റിഫയിലെ മനോഹരമായ ക്യാമ്പസ്സിന്റെ അറ്റകുറ്റ പണികള്‍ക്കുമായി അഭിപ്രായങ്ങള്‍ രൂപപ്പെടുകയും എത്രയും പെട്ടെന്ന് ഒരു പ്രത്രേക ജനറല്‍ ബോഡി വിളിച്ച് മുഴുവന്‍ രക്ഷിതാക്കളേയും അറിയിച്ച് അഭിപ്രായം ആരാഞ്ഞ് അതിന്‍റെ വരും വരായ്കകളെ കുറിച്ച് വിശദമായ പഠനം നടത്തി രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ പതിനായിരം ദിനാറിലധികം വരുന്ന ഏത് വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഒരു കാവല്‍ ഭരണ സമിതി മുതിരാന്‍ പാടുള്ളൂ എന്ന് യു.പി.പി അംഗങ്ങള്‍ ആവശ്യപ്പെടുകയും ഭരണ സമിതി അത് അംഗീകരിക്കുകയുമാണ് ചെയ്തത്

മറിച്ച് ഒന്നും ഏകകണ്ഠമായി തീരുമാനിക്കപ്പെട്ടിട്ടില്ല എനനതാണ് വാസ്തവം. തെരഞ്ഞെടുപ്പ് നടത്തി രക്ഷിതാക്കളല്ലാത്തവര്‍ അധികാരത്തില്‍ നിന്നും ഒഴിഞ്ഞു പോകണമെന്ന് രക്ഷിതാക്കളായ അംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ തെരഞ്ഞെടുപ്പിന് ബന്ധപ്പെട്ടവരുടെ അനുമതി കിട്ടുന്നില്ലെന്ന വിശ്വാസ്യയോഗ്യമല്ലാത്ത മറുപടിയുണ്ടാകുകയും യു.പി.പി അംഗങ്ങളായ രക്ഷിതാക്കളോടൊപ്പം തെരഞ്ഞെടുപ്പിനായി മന്ത്രാലയത്തെ സമീപിക്കാമെന്ന നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ നിരാകരിക്കുകയുമാണുണ്ടായത് . ഇന്‍ഫ്രാ സ്ട്രെച്ചര്‍ എന്ന പേരില്‍ കോവിഡ് കാലത്ത് പോലും ഒരു കുട്ടിയില്‍ നിന്നും ശരാശരി നാലു ദിനാര്‍ വീതം വെച്ച് മാസം തോറും ഫീസിനത്തില്‍ റിഫാ സ്കൂളിന്‍റെ തിരിച്ചടവിനായി മാത്രം പിരിച്ചെടുക്കുന്ന അമ്പതിനായിരത്തോളം ദിനാര്‍ പ്രതിമാസം വരവ് അധികം ഉണ്ടായിട്ടും റിഫാ ക്യാമ്പസിന്റെ ലോൺ തിരിച്ചടവ് ഇരുപത്തഞ്ചോളം മാസം വീഴ്ച വരുത്തിയതിനെ കുറിച്ചും ഈ തുകയൊക്കെ ഏത് വകുപ്പില്‍ മാറ്റി ചെലവഴിച്ചു എന്ന ചോദ്യങ്ങള്‍ക്കും രക്ഷിതാക്കളോട് നിഷേധ നിലപാട് സ്വീകരിക്കുകയുംചോദ്യങ്ങള്‍ ചോദിച്ചവരുടെ മൈക്ക് ഓഫ് ചെയ്യുകയും തൃപ്തികരമല്ലാത്ത ന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറുകയുമാണ് ബന്ധപ്പെട്ടവര്‍ ചെയ്തത്. ഈ ഭരണ സമിതി പുതുതായി നിയമിക്കുന്ന ടീച്ചര്‍മാര്‍ക്ക് പഴയ ടീച്ചര്‍മാരേക്കള്‍ വേതനം നല്‍കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പുതിയ ടീച്ചര്‍മാര്‍ക്ക് പഴയ ടീച്ചര്‍മാരേക്കാള്‍ പ്രവര്‍ത്തന പരിചയം ഉള്ളത് കൊണ്ടാണെന്ന വിചിത്രമായ മറുപടിയാണ് ലഭിച്ചത്. ടെക്നോളജിയില്‍ ഇന്ത്യന്‍ സ്കൂളിനെ എല്ലാവര്‍ക്കും മാതൃകയാകും വിധം ഉയര്‍ത്തും എന്ന് ഭരണസമിതി അവകാശവാദം ഉന്നയിച്ചപ്പോള്‍ പഴയ ബ്ളാക്ക് ബോഡിന് പകരം ഒരു സ്മാര്‍ട്ട് ബോഡു പോലും കഴിഞ്ഞ ഒന്‍പത് വര്‍ഷമായിട്ടും സ്ഥാപിക്കാനാകാത്തവരുടെ വെറും ജല്‍പനങ്ങള്‍ മാത്രമായേ ഇതൊക്കെ കാണാനാവൂ എന്ന് രക്ഷിതാക്കള്‍ തിരിച്ചടിച്ചു. ഭരണ സമിതിയുടെ ഭാഗത്ത് നിന്നും തുടര്‍ച്ചയായുണ്ടാകുന്ന ഈ ക്രമക്കേടുകള്‍ക്കും നീതി നിഷേധത്തിനുമെതിരേയും ഭരണസമിതിയിലുള്ള രക്ഷിതാക്കളല്ലാത്തവരെ മാറ്റി നിര്‍ത്തി എത്രയും പെട്ടെന്ന് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താനും ബന്ധപ്പെട്ട മന്ത്രാലയത്തേയും അധികാരികളേയും സമീപിക്കുമെന്നും യു.പി.പി നേതാക്കള്‍ പത്ര കുറിപ്പിലൂടെ അറിയിച്ചു.

ജനറല്‍ ബോഡിയില്‍ യു.പി.പി നേതാക്കളായ ശ്രീധര്‍ തേറമ്പിൽ, ബിജുജോര്‍ജ്ജ് ,ഡോക്ടര്‍ സുരേഷ് സുബ്രമണ്യം, ഹരീഷ് നായര്‍, ജാവേദ് പാഷ, എഫ്.എം.ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, ജോണ്‍ ബോസ്കോ,ജോണ്‍ തരകന്‍, അന്‍വര്‍ ശൂരനാട്, ഫിലിപ്പ് , ശ്രീകാന്ത് ,മോഹന്‍ നൂറനാട് , സിന്‍സണ്‍ ചാക്കോ, അബ്ബാസ് സേഠ്, ദീപക് മേനോന്‍, സെയ്ദ് ഹനീഫ് ,അബ്ദുല്‍സഹീര്‍, അജി ജോര്‍ജ്ജ്, ജോജീഷ്, ശ്രീകാന്ത്, ശ്രീജിത്ത്‌, ജിബു, എന്നിവരും മറ്റു നിരവധി രക്ഷിതാക്കളും ജനറല്‍ ബോഡിയിലെ ചോദ്യോത്തര വേളയില്‍ ചോദ്യങ്ങളുന്നയിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!