മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്‌ട് ) 2023-2024 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും പത്താം ക്ലാസ്സും പന്ത്രണ്ടാം ക്ലാസും പൂർത്തീകരിച്ച പാക്ട് കുടുംബത്തിലെ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും ഇക്കഴിഞ്ഞ വ്യാഴാഴ്ച മാർച്ച് 23 ന് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് വൻ പങ്കാളിത്തത്തോട് കൂടി നടന്നു.
പ്രൗഢഗംഭീരമായ ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ശ്രീ ഇഹ്‌ജാസ് അസ്‌ലം മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ശ്രീ ചെറിയാൻ, പ്രൊഫഷണൽ അസ്സോസിയേറ്റ് – പബ്ലിക് ഡിപ്ലോമസി ഓഫീസർ – യു എസ് എംബസി ശ്രീമതി നടാഷ ബെൻ കമാരാ , I C R F ചെയർമാൻ Dr ബാബു രാമചന്ദ്രൻ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ശ്രീ ഗോപിനാഥ് മേനോൻ,ഇന്ത്യൻ ക്ലബ് സെക്രട്ടറി ശ്രീ സതീഷ് ഗോപിനാഥൻ നായർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു .
നാനൂറോളം അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്ത പരിപാടിയിൽ പാക്ടിന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണവും, പത്തും പന്ത്രണ്ടും ക്ലാസ് പൂർത്തീകരിച്ച കുട്ടികൾക്കുള്ള മെമന്റോ വിതരണവും , അംഗങ്ങളുടെ ഇടയിൽ നിന്നും ബിസിനസ് മേഖലയിൽ മികവ് തെളിയിച്ച രണ്ടു വനിതകളെ – ശ്രീമതി സുജ ജെ പി മേനോൻ , ശ്രീമതി ഭാഗീരതി രാജേന്ദ്രൻ – ആദരിക്കുന്ന ചടങ്ങും, ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ പാക്ട് അംഗങ്ങളുടെ രക്ഷിതാക്കളെ ആദരിക്കുന്ന ചടങ്ങുമുണ്ടായിരുന്നു. ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി. മുഖ്യാതിഥിയും , മറ്റു വിശിഷ്ട വ്യക്തികളും ഇത്തരം സാമൂഹ്യ നന്മ ലക്ഷ്യമാക്കി പരിപാടികൾ സംഘടിപ്പിക്കുന്ന പാക്ടിനെ അഭിനന്ദിക്കുകയും സദസ്സിനോടുള്ള നന്ദി അറിയിക്കുയും ചെയ്തു.
പഴയതും പുതിയതുമായ തലമുറകൾ ഒത്തുകൂടി സംവദിക്കുകയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്ത പരിപാടി ഒരു വൻ വിജയമാക്കിത്തീർത്ത എല്ലാവരോടുമുള്ള നന്ദി പാക്‌ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.