മനാമ: കേരളത്തിന്റെ തനത് കായിക വിനോദമായ നാടൻ പന്തുകളി ടൂർണമെൻറ് ‘ഹർഷാരവം 2023’ ബഹ്റൈൻ കായിക മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ സംഘടിപ്പിക്കുന്നു. ജി.സി.സി കപ്പിനു വേണ്ടിയുള്ള ടൂർണമെൻറ് ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ ഏപ്രിൽ 21, 22, 23 തീയതികളിൽ നടക്കും. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, യു.എ.ഇ എന്നീ ഗൾഫ് രാജ്യങ്ങളിൽനിന്ന് ടീമുകൾ പങ്കെടുക്കും.
ഈ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന നാടൻ പന്തുകളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ഗൾഫ് കേരള നേറ്റിവ് ബോൾ അസോസിയേഷനാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. കേരളീയ അയോധനകലയായ കളരിയുടെ സ്വാധീനം നാടന്പന്തുകളിയില് പ്രകടമാണ്. ഒറ്റ, പെട്ട, പിടിയൻ, താളം, കീഴ്, ഇട്ടടി അഥവാ ഇണ്ടന്‍ എന്നിങ്ങനെ വിവിധങ്ങളായ എണ്ണങ്ങള്‍ കളരി മുറകളെ അനുസ്മരിപ്പിക്കുന്നതാണ്. 400 വർഷത്തെ പാരമ്പര്യമുള്ള ഈ കായികയിനം വിനോദത്തോടൊപ്പം ശാരീരിക ക്ഷമതക്കും ഊന്നൽ കൊടുക്കുന്നതാണെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഡോട്ട്സ് മീഡിയ ഇന്റർനാഷനലാണ് ഇവന്റ് മാനേജ് ചെയ്യുന്നത്.
ഐമാക് ബി.എം.സി മീഡിയ, പബ്ലിസിറ്റി പാർട്ണർ ആയിരിക്കും. ബഹ്റൈനിലെ നാടൻ പന്തുകളി സംഘടനകളായ ബി.കെ.എൻ.ബി.എഫിന്റെയും കെ.എൻ.ബി.എയുടെയും നേതൃത്വത്തിൽ കൂടിയ യോഗത്തിൽ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ജാഫർ മദനിയും (വൈസ് ചെയർമാൻ ഇന്ത്യൻ സ്കൂൾ) ഫ്രാൻസിസ് കൈതാരവും (ചെയർമാൻ ബി.എം.സി) ചേർന്ന് നിർവഹിച്ചു. സംഘാടകസമിതി കൺവീനർമാരായി രഞ്ജിത്ത് കുരുവിള, ഷോൺ പുന്നൂസ് മാത്യു, മോബി കുര്യാക്കോസ്, റോബിൻ എബ്രഹാം, സാജൻ തോമസ്, മനോഷ് കോര എന്നിവരെ തെരഞ്ഞെടുത്തു. നിരവധി സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. മത്സര വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ: രഞ്ജിത്ത്: 37345011, റോബിൻ: 39302811, മോബി: 33371095, മനോഷ്: 33043810