മനാമ: പ്രവാസി വെൽഫെയറിന്റെ ജന സേവന വിഭാഗമായ വെൽകെയർ റമദാൻ കനിവ് എന്ന പേരിൽ റമദാനിൽ നടത്തിക്കൊണ്ടിരിക്കുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവാസി തൊഴിലിടങ്ങളിൽ ജനകീയ ഇഫ്താറുകൾ സംഘടിപ്പിച്ചു.
സിത്ര അൽ ബന്ദറിൽ പ്രവാസി വെൽഫെയർ റിഫാ സോൺ സംഘടിപ്പിച്ച ജനകീയ ഇഫ്താറിൽ ദേശഭാഷാ ഭേദമന്യേ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പ്രവാസി വെൽഫെയർ വൈസ് പ്രസിഡൻ്റ് മുഹമ്മദലി മലപ്പുറം തൊഴിലാളികളുമായി സംവദിച്ചു. പ്രവാസി വെൽഫെയറിന്റെ ജനസേവന വിഭാഗമായ വെൽകെയർ വളണ്ടിയർമാർ തുച്ഛ വേതനക്കരായ പ്രവാസികളുടെ താമസ സ്ഥലങ്ങളിലും വ്യത്യസ്ത ലേബർ ക്യാമ്പുകളിലും ദിനേന എത്തിച്ച് നല്കുന്ന നൂറുകണക്കിന് ഫുഡ് കിറ്റുകൾക്ക് പുറമെയാണ് ഇത്തരം സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. ബഹറൈനിലെ സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് വെൽകെയർ റമദാൻ കനിവ് കിറ്റുകൾ വിതരണം ചെയ്യുന്നത്.
പ്രവാസി വെൽഫെയർ റിഫ സോണൽ സെക്രട്ടറി ഹാഷിമിൻ്റെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഘാടനത്തിന് ഫസലുറഹ്മാൻ പൊന്നാനി, അബ്ദുൽ ജലീൽ, ബഷീർ പി. എ. മുഹമ്മദ് അമീൻ, ബാബു സലാം മിൻഹാജ് എന്നിവർ നേതൃത്വം നൽകി.