വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റും പ്രഗത്ഭ വാഗ്മിയുമായ പി.എൻ. അബ്ദുൽ ലത്തീഫ് മദനി തര്ബിയ ഇസ്‌ലാമിക് സൊസൈറ്റിയുടെ വിശിഷ്ടാതിഥിയായി ബഹറിനിൽ എത്തുന്നു. കുവൈത്ത് ഇസ്ലാഹി സെന്റർ പ്രസിഡന്റ്, ജാമി അ അൽ ഹിന്ദ് കേരള മുഖ്യ കാര്യദർശി എന്നീ നിലകളിലും ഇദ്ദേഹം സേവനം നടത്തിപ്പോരുന്നു
തര്ബിയ ഇസ്‌ലാമിക് സൊസൈറ്റി ശവ്വാൽ 2 നു ഉമ്മുൽ ഹസം കിംഗ് ഖാലിദ് മസ്ജിദ് പരിസരത്ത് ഒരുക്കിയ ഗ്രാന്റ് ഇഫ്താർ ടെന്റിൽ സംഘടിപ്പിക്കുന്ന ഈദ് സംഗമത്തിലെ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുന്ന ആദ്ദേഹം, ഹൂറ ഉമ്മു അയ്മൻ സ്‌കൂൾ ഗ്രൗണ്ടിൽ ഒരുക്കുന്ന ഈദ് ഗാഹിനും നേതൃത്വം നൽകുന്നു. ഈദ് നമസ്കാരം കാലത്ത് 5: 28 നാണു നടക്കുക. കേരളത്തിനകത്തും പുറത്തും വളരെ വ്യവസ്ഥാപിതമായ രീതിയിൽ ഇസ്‌ലാമിക പ്രബോധനം നടത്തി വരുന്ന വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ പ്രവർത്തനങ്ങൾ വളരെ ചുരുങ്ങിയ കാലം കൊണ്ട് ജനകീയവത്കരിക്കാൻ നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന പി.എൻ അബ്ദുൽ ലത്തീഫ് മദനിയുടെ സാന്നിധ്യം ബഹ്‌റൈനിലെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവര്ക്കും മാതൃകയായിരിക്കുമെന്നും അദ്ദേഹത്തിന്റെ പ്രവർത്തന പരിചയവും ഉപദേശങ്ങളും പ്രവർത്തകർ ഉൾക്കൊള്ളേണ്ടതാണെന്നും തര്ബിയ ഇസ്‌ലാമിയ ഡയറക്ടർ ശൈഖ് ആദിൽ ബൂ റാഷിദ് ബുസൈബ അഭിപ്രായപ്പെട്ടു. കുവത്തിലെ സഹോദര സംഘടനയായ ഇഹ് യാ ഉ ത്തുറാസിന്റെ നേതൃത്വവുമായും ഇതുസംബന്ധിച്ച ആശയ വിനിമയങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിസ്‌ഡം പ്രസിഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ചു നടക്കുന്ന പരിപാടികളുടെ രൂപരേഖ തര്ബിയ ഇസ്‌ലാമിയ നേതാക്കളായ ഡോ. സഅദുല്ലാ അൽ മുഹമ്മദി, മലയാള വിഭാഗം പ്രവർത്തകരായ രിസാലുദ്ദീൻ, അബ്ദുല്ല സി.കെ, യാക്കൂബ് ഈസ, ബിനു ഇസ്മായീൽ എന്നിവർ ചേർന്ന് വിശദീകരിച്ചു.
പെരുന്നാളിനോടനുബന്ധിച്ചു നടക്കുന്ന പരിപാടിയിൽ മദ്രസാ വിദ്യാർത്ഥികളുടെ കലാപരിപാടികളും റയ്യാൻ സ്റ്റഡി സെന്റർ നടത്തി വരുന്ന റമദാൻ ക്വിസിലെ വിജയികൾക്കുള്ള സമ്മാന ദാനവും ഉണ്ടായിരിക്കുന്നതാണെന്നും, സഹോദരിമാർക്കും കുട്ടികൾക്കും പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പ്രോഗ്രാം കൺവീനർ അറിയിച്ചു