മനാമ: പുതിയ അധ്യയന വർഷത്തെ ‘സ്റ്റുഡന്റ് കൗൺസിൽ’ സ്ഥാനാരോഹണ ചടങ്ങ് ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ നടന്നു. ഹെഡ് ബോയ് റെയ്ഹാൻ തോമസ് മാത്യു, ഹെഡ് ഗേൾ സെറ കിഷോർ, അസി. ഹെഡ് ബോയ് ദക്ഷ് പ്രദീപ്, അസി. ഹെഡ് ഗേൾ ആമിലാ ഷാനവാസ്, ഇക്കോ അംബാസഡർ ആദ്യ ബിജിൻ എന്നിവരുൾപ്പെടെ 26 അംഗങ്ങൾ അടങ്ങുന്ന പുതിയ സ്റ്റുഡന്റ് കൗൺസിലാണ് സ്ഥാനമേറ്റത്. ഇന്ത്യൻ സ്‌കൂൾ അസി. സെക്രട്ടറി പ്രേമലത എൻ.എസ്, ഇ.സി അംഗം അജയകൃഷ്ണൻ വി എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു.
ദേശീയ ഗാനാലാപനത്തോടെയും വിശുദ്ധ ഖുർആൻ പാരായണത്തോടെയും മൂന്നാം ക്ലാസിലെ വിദ്യാർത്ഥികളുടെ സ്‌കൂൾ ഗാനാലാപനത്തോടെയുമാണ് പരിപാടി ആരംഭിച്ചത്. പ്രിൻസിപ്പൽ പമേല സേവ്യർ, പ്രധാനാധ്യാപകർ, കോ-ഓർഡിനേറ്റർമാർ, അധ്യാപികമാർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ പമേല സേവ്യർ വിശിഷ്ടാതിഥികൾക്ക് സ്വാഗതമേകി. അസി. സെക്രട്ടറി പ്രേമലത എൻ.എസ് പുതുതായി നിയമിതരായ സ്കൂൾ കൗൺസിൽ അംഗങ്ങളെ അഭിനന്ദിച്ചു.
തുടർന്ന് പ്രിൻസിപ്പൽ സത്യവാചകം ചൊല്ലിക്കൊടുത്തതിന് ശേഷം വിദ്യാർത്ഥികളെ ബാഡ്ജുകൾ നൽകി ആദരിച്ചു. തങ്ങൾക്ക് ഏൽപ്പിച്ച ചുമതലകൾ ആത്മാർത്ഥതയോടെയും കാര്യക്ഷമതയോടെയും നിർവഹിക്കുമെന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പ്രതിജ്ഞയെടുത്തു. പുതുതായി നിയമിതയായ ഇക്കോ അംബാസഡർ ഗോ-ഗ്രീൻ സംരംഭങ്ങളെ പരിചയപ്പെടുത്തി.
സ്‌കൂളിന്റെ മികവ് ഉയർത്തിപ്പിടിക്കുന്നതിൽ വിദ്യാർത്ഥികൾക്ക് ആശംസയറിയിച്ച സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇസി അംഗങ്ങൾ എന്നിവർ റിഫ ടീമിനെ വിശിഷ്യാ അഭിനന്ദിച്ചു.