bahrainvartha-official-logo
Search
Close this search box.

വിശ്വമലയാളവുമായി മലയാളം മിഷൻ; ആഗോളതല ഉദ്ഘാടനവും പ്രവേശനോത്സവവും 12ന് ബഹ്റൈൻ കേരളീയ സമാജത്തിൽ

New Project - 2023-05-10T160327.387

മനാമ: ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി സാംസ്കാരിക കാര്യ വകുപ്പിന് കീഴിൽ കേരള സർക്കാർ ആരംഭിച്ച മലയാളം മിഷൻ, ആഗോളതലത്തിൽ മലയാളി പ്രവാസ സമൂഹത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണമാതൃഭാഷാ സാക്ഷരതാ ദൗത്യമായ വിശ്വമലയാളം പദ്ധതിയുടെ ആഗോളതല ഉദ്ഘാടനം മെയ് 12 വെളളിയാഴ്ച വൈകുന്നേരം 4.30 ന് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ സാംസ്കാരികകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുമെന്നു ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.

മലയാളം മിഷൻ്റെ ഇന്ത്യയ്ക്ക് പുറത്തെ ആദ്യ പഠനകേന്ദ്രമായ ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ സഹകരണത്തോടെ മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററി ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട വിശിഷ്ട അതിഥിയായി പങ്കെടുക്കും.

മലയാളം മിഷൻ്റെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഭരണ സമിതി അംഗീകരിച്ചതും സർക്കാരിന്റെ നൂറു ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കുവാൻ നിർദ്ദേശിച്ചതുമായ മൂന്നു പദ്ധതികളിലൊന്നാണ് മിഷൻ അഭിമാനത്തോടെ നടപ്പാക്കുന്ന വിശ്വമലയാളം. വിദേശ രാജ്യങ്ങളിലെ പ്രവാസ സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന ‘കുട്ടി മലയാളവും ‘ കേരളത്തിൽ താമസിക്കുന്ന അന്യസംസ്ഥാനക്കാർക്കായി നടപ്പാക്കുന്ന ‘അനന്യമലയാള ‘വുമാണ് സർക്കാരിൻ്റെ മറ്റ് രണ്ട് ഭാഷാ പദ്ധതികൾ.

 

മലയാളം മിഷൻ നിലവിൽ നടത്തിവരുന്ന പാഠ്യപദ്ധതിയ്ക്കു പുറത്തു നിൽക്കുന്നവരേയും കണ്ടെത്തി, ഭാഷ പഠിപ്പിച്ച്, സ്വന്തം ഭാഷയിൽ സമ്പൂർണ സാക്ഷരത നേടുന്ന ആദ്യ പ്രവാസി സമൂഹമായി മലയാളിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ ഈ പദ്ധതി ആദ്യം നടപ്പാക്കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത് ബഹ്റൈനെയാണ്.

മലയാളം മിഷൻ്റെ ഇന്ത്യയ്ക്ക് പുറത്തു സ്ഥാപിക്കപ്പെട്ട ആദ്യ ചാപ്റ്ററായ ബഹ്റൈൻ ചാപ്റ്ററിനാണ് വിശ്വമലയാളം പദ്ധതിയുടെ സംഘാടന ചുമതല. ബഹ്റൈനിലെ എല്ലാ മലയാളി പ്രവാസി കൂട്ടായ്മകളുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കുവാനാണ് ഉദ്ദേശിക്കുന്നത്.

ഇതിനു മുന്നോടിയായി ബഹ്റൈനിലെ വിവിധ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളെയും ലോക കേരള സഭാംഗങ്ങളെയും ഭാഷാ പ്രവർത്തകരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ആലോചനയോഗം കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

 

മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിലെ 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവവും ഇതോടൊപ്പം നടക്കും. 2011 ലാണ് മലയാളം മിഷൻ്റെ പ്രവർത്തനങ്ങൾ ബഹ്റൈനിൽ തുടക്കം കുറിച്ചത്. ബഹ്റൈൻ മലയാളികളുടെ മാതൃസംഘടന എന്നറിയപ്പെടുന്ന ബഹ്റൈൻ കേരളീയ സമാജത്തിലാണ് മലയാളം മിഷൻ്റെ ആദ്യ പഠനകേന്ദ്രം ആരംഭിച്ചത്. മലയാളം മിഷൻ്റെ ലോകത്തിലെ തന്നെ ഏറ്റവും വലുതും ഏറ്റവും അധികം കുട്ടികൾ ഒരേ സമയം ഭാഷാ പഠനത്തിനെത്തുന്നതുമായ പഠനകേന്ദവും ബഹ്റൈൻ കേരളീയ സമാജമാണ്.

 

ദാർശനികവും മന:ശാസ്ത്രപരവുമായ കണ്ടെത്തലുകളുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തിൽ ആവിഷ്കരിച്ചിട്ടുള്ള പാഠ്യപദ്ധതി പ്രകാരം മലയാളം മിഷൻ വിഭാവനം ചെയ്തിട്ടുള്ള കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ എല്ലാ കോഴ്സുകളും പൂർത്തിയാക്കിയ പഠിതാക്കളുള്ള ഇന്ത്യയ്ക്ക് പുറത്തെ ഏക ചാപ്റ്ററും ബഹ്റൈനാണ്.

 

മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിലെ 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവവും മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൻ്റെ പ്രകാശനവും ഇതോടൊപ്പം നടക്കും. ബഹ്റൈൻ കേരളീയ സമാജം, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി, കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ, ഗുരുദേവ സോഷ്യൽ സൊസൈറ്റി, ബഹ്റൈൻ പ്രതിഭ , വ്യാസ ഗോകുലം, ദിശ സെൻ്റർ, പ്രവാസി ഗൈഡൻസ് ഫോറം എന്നിവയാണ് ചാപ്റ്ററിലെ പഠനകേന്ദ്രങ്ങൾ.

വിവിധ പഠനകേന്ദ്രങ്ങളിലായി 2000 ഓളം കുട്ടികൾ മാതൃഭാഷാ പഠനം നടത്തുന്നു. നൂറോളം അധ്യാപകരും അത്ര തന്നെ ഭാഷാപ്രവർത്തകരും പ്രതിഫലേഛയില്ലാതെ നിസ്വാർത്ഥമായ സേവനംനടത്തുന്നു. ഈ വർഷം നാലോളം പുതിയ പഠനകേന്ദ്രങ്ങൾ തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു.

 

മലയാളം മിഷൻ ആഗോള തലത്തിൽ മലയാളി സമൂഹത്തിൽ നടപ്പാക്കുന്ന വിശ്വ മലയാളം എന്ന സമ്പൂർണ്ണ മാതൃഭാഷാ സാക്ഷരതാ ദൗദൗത്യമായ വിശ്വമലയാളം. വിശ്വമലയാളത്തിൻ്റെ ആഗോളതല ഉദ്ഘാടനത്തിനും വിശ്വമലയാളം പദ്ധതിയുടെ ആദ്യ നടത്തിപ്പിനുമായി ബഹ്റൈൻ തെരഞ്ഞെടുത്തതിലൂടെ ഈ ഭൂമികയിലെ സാംസ്കാരിക പ്രവർത്തകരും ഭാഷാ പ്രവർത്തകരും മലയാളി സമൂഹവും ഒരുപോലെ ആദരിക്കപ്പെടുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!