മനാമ: പ്രവാസി ലീഗൽ സെല്ലിന്റെ സുരക്ഷിത കുടിയേറ്റം ക്യാമ്പയിന് ഉജ്ജ്വല തുടക്കം. മുൻ അംബാസിഡർ ശ്രീകുമാർ മേനോൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. മനുഷ്യക്കടത്തിലും മറ്റും അകപ്പെട്ട് ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സുരക്ഷിത കുടിയേറ്റം സംബന്ധിച്ച് ആഗോളതലത്തിൽ ബോധവത്ക്കരണ ക്യാമ്പയിൻ നടത്താൻ പ്രവാസി ലീഗൽ സെൽ തീരുമാനിച്ചത്.
പ്രവാസി ലീഗൽ സെൽ ആഗോളതല വനിതാവിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പയിൻ നടക്കുന്നത് വിവിധ രാജ്യങ്ങളിലുള്ള പ്രവാസി ലീഗൽ ചാപ്റ്ററുകളുടെയും മറ്റ് സംഘടനകളുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ വിവിധ രാജ്യങ്ങളിൽ
നടക്കുക.
എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് അഡ്വ. ഡി ബി ബിനു ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്നു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം ക്ലാസ്സുകൾക്ക് നേതൃത്വം നൽകി . പ്രവാസി ലീഗൽ സെൽ വനിതാവിഭാഗം ഇന്റർനാഷണൽ കോർഡിനേറ്റർ ഹാജറാബി വലിയകത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പ്രവാസി ലീഗൽ സെൽ ആഗോള വക്താവും ബഹ്റൈൻ കൺട്രി ഹെഡുമായ സുധീർ തിരുനിലത്ത്, യു എ ഇ കൺട്രി ഹെഡ് ശ്രീധരൻ പ്രസാദ്, ദുബായ് ചാപ്റ്റർ പ്രസിഡന്റ് ടി. എൻ കൃഷ്ണകുമാർ, യു.കെ നാഷണൽ കോർഡിനേറ്റർ അഡ്വ. സോണിയ സണ്ണി, സാമൂഹിക പ്രവർത്തകൻ അൽ നിഷാജ്, പ്രവാസി മലയാളികൾ തുടങ്ങിയവർ ക്യാമ്പയിനിൽ ഓൺലൈനായി പങ്കെടുത്തു.