മനാമ: ഇന്ത്യൻ സ്‌കൂൾ സി.ബി.എസ്.ഇ പരീക്ഷകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി വാർഷിക അക്കാദമിക് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. ഇസ ടൗൺ കാമ്പസിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 2022-2023 അധ്യയന വർഷത്തിലെ മികച്ച പ്രകടനത്തിന് 200 ഓളം ടോപ്പർമാർക്കും പത്തും പന്ത്രണ്ടും ക്ളാസുകളിൽ ഉന്നത വിജയം നേടിയവർക്കും മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. പ്രിൻസിപ്പലിന്റെ ഓണേഴ്‌സ് ലിസ്റ്റിലും മെറിറ്റ് ലിസ്റ്റിലുമുള്ള വിദ്യാർത്ഥികളെയും അവരുടെ നേട്ടങ്ങൾക്ക് അനുമോദിച്ചു.
ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, ഇ.സി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് നമ്പ്യാർ, അജയകൃഷ്ണൻ വി, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, കമ്മ്യൂണിറ്റി ലീഡർ മുഹമ്മദ് ഹുസ്സൈൻ മാലിം, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ , ചടങ്ങിൽ പങ്കെടുത്തു.
പന്ത്രണ്ടാം ക്ലാസ് ടോപ്പർമാരായ വീണ കിഴക്കേതിൽ (97.4%), അഞ്ജലി ഷമീർ (96.8%), സാനിയ സൂസൻ ജോൺ (96.6%), പത്താം ക്ലാസ് ടോപ്പർമാരായ കൃഷ്ണ രാജീവൻ നായർ (98.2%), തീർത്ഥ ഹരീഷ് (97.6%), അഭിനവ് വിനു(97.4%)എന്നിവർ മെഡൽ എറ്റു വാങ്ങി. ചടങ്ങിൽ അക്കാദമിക് സ്‌പെഷ്യൽ ന്യൂസ് ലെറ്റർ ടൈഡിംഗ്‌സ് പ്രകാശനം ചെയ്തു.
ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഇന്ത്യൻ സ്‌കൂളിന്റെ അക്കാദമിക് രംഗത്തെ മികച്ച പ്രകടനത്തെയും വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും അഭിനന്ദിച്ചു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും സ്‌കൂൾ അക്കാദമിക് ടീമിന്റെയും യോജിച്ച പരിശ്രമം സ്കൂളിലെ വിദ്യാർത്ഥികളുടെ മികച്ച അക്കാദമിക് പ്രകടനത്തിൽ കലാശിച്ചതായി ചെയർമാൻ പ്രിൻസ് എസ് നടരാജൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ഇന്ത്യൻ സ്‌കൂൾ സ്ഥിരതയാർന്ന അക്കാദമിക് മികവ് കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് സിബിഎസ്ഇ ഫലങ്ങളുടെ വിശകലനം അവതരിപ്പിച്ച പ്രിൻസിപ്പൽ വി ആർ പളനിസ്വാമി ചൂണ്ടിക്കാട്ടി. സെക്രട്ടറി സജി ആന്റണി നന്ദി പറഞ്ഞു. വിദ്യാർത്ഥികളായ ജോവാന ജിസ് ബിനു, ആര്യൻ അറോറ എന്നിവർ അവതാരകരായിരുന്നു.