മനാമ: ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഐ.എസ്.ബി കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023-ന്റെ ഭാഗമായ ഫ്ലഡ്‌ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിന് ജൂൺ 9 വെള്ളിയാഴ്ച ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ ഗ്രൗണ്ടിൽ തുടക്കമാകും. അന്ന് വൈകിട്ട് 6.30ന് കാമ്പസ് ഗ്രൗണ്ടിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ക്രിക്കറ്റ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഐ.എസ്. ബി കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് ഒരുക്കുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെയും സാംസ്കാരിക നേട്ടങ്ങളെയും അനുസ്മരിക്കുന്ന ഇന്ത്യാ ഗവൺമെന്റിന്റെ സംരംഭമാണ് ആസാദി കാ അമൃത് മഹോത്സവ്. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50 വർഷത്തെ ആഘോഷത്തിന്റെ ഭാഗമായിട്ട് കൂടിയാണ് ഈ പരിപാടികൾ. നേരത്തെ ഐ. എസ് . ബി കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റിന്റെ ഭാഗമായി ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ മെയ് 13,14, 15 തീയതികളിൽ ഇന്ത്യൻ സ്‌കൂൾ ഒരു ചതുരംഗ (ചെസ്) ടൂർണമെന്റ് നടത്തിയിരുന്നു.
ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനുമായി സഹകരിച്ചാണ് ഇന്ത്യൻ പ്രവാസികൾക്കായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിന് ശേഷം പ്രദർശന മത്സരവും നടക്കും. ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ഫുട്ബോൾ, വോളിബോൾ, വടംവലി, കബഡി, അത്‌ലറ്റിക്‌സ് എന്നിവ ഉൾപ്പെടുന്ന മറ്റ് കായിക മത്സരങ്ങൾ രാജ്യത്തെ വിവിധ സ്‌കൂളുകൾക്ക് പുറമെ ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കളുടെയും ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുടെയും ആവേശകരമായ പിന്തുണയും പങ്കാളിത്തവും പ്രതീക്ഷിച്ച് നടത്തപ്പെടും . ഈ കായിക മത്സരങ്ങൾ വരും ആഴ്ചകളിൽ നടക്കും. കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് ആരോഗ്യകരമായ സംസ്‌കാരം സൃഷ്ടിക്കുകയും സമൂഹത്തിൽ സൗഹൃദം വർദ്ധിപ്പിക്കുകയും ചെയ്യുന്നുമെന്നു ഇന്ത്യൻ സ്‌കൂൾ അധികൃതർ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് 38099941/37130494 എന്ന നമ്പറിൽ ബന്ധപ്പെടുക. രജിസ്ട്രേഷനായി https://shorturl.at/kmtK3 എന്ന ലിങ്ക് പിന്തുടരുക