മനാമ: ജൂൺ 14, ലോക രക്തദാന ദിനം. ‘ഒന്നായി പരിശ്രമിക്കാം, ജീവൻ രക്ഷിക്കാം’ എന്നതാണ് ഈ വർഷത്തെ സന്ദേശം. വീണ്ടുമൊരു രക്തദാനദിനം കൂടി എത്തുമ്പോൾ രക്തദാനരംഗത്ത് മാതൃകയാകുകയാണ് ബഹ്റൈൻ പ്രവാസിയായ സുരേഷ് പുത്തൻവിളയിൽ. ഇതിനകം നാട്ടിലും ഇവിടെയുമായി സുരേഷ് 55 തവണയാണ് രക്തദാനം നടത്തിയത്. ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്റർ ക്യാമ്പ് കോഓഡിനേറ്റർ കൂടിയാണ് അദ്ദേഹം. നാട്ടിലും രോഗികൾക്ക് രക്തം ആവശ്യം വന്നാൽ തന്നെ വിളിക്കാറുണ്ടെന്ന് സുരേഷ് പറയുന്നു. നാട്ടിൽ കാൻസർ കെയർ ഗ്രൂപ് അംഗവുമാണ്. ദൂരെനിന്നും തിരുവനന്തപുരം ആർ.സി.സിയിൽ വരുന്ന രോഗികൾക്ക് സൗജന്യ താമസത്തിനും ആഹാരത്തിനുംവേണ്ട സഹായങ്ങൾ ചെയ്തുവരുന്നു.
അർഹരായവർക്ക് വീൽചെയർ നൽകിയും അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, കുട്ടികൾ എന്നിവർക്ക് വസ്ത്രം, പഠനോപകരണങ്ങൾ, മരുന്നുകൾ എന്നിവയും നല്കിവരുന്നു. മാസത്തിൽ ഒരു വെള്ളിയാഴ്ച റോഡ് ശുചീകരണ തൊഴിലാളികൾക്കും ലേബർ ക്യാമ്പുകളിലുള്ളവർക്കും ഉച്ചഭക്ഷണവും ഫുഡ്കിറ്റും നല്കിവരുന്നു. ബഹ്റൈൻ കേരളീയസമാജം 2016ൽ തൊഴിലാളികൾക്കിടയിലെ സുരേഷിന്റെ നിശ്ശബ്ദ സേവനത്തെ ആദരിക്കുകയുണ്ടായി. ഗാന്ധിഭവന്റെയും സ്നേഹക്കൂടിന്റെയും ആദരവും നാട്ടിലെയും ബഹ്റൈനിലെയും നിരവധി സംഘടനകളുടെയും ആദരവും ലഭിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ റെഡ്ക്രോസ് അംഗമാണ്. കഥയെഴുത്തിലും കവിതരചനയിലും സജീവമാണ് സുരേഷ്. ഫോൺ: 36377837