ന്യൂഡൽഹി: അമിതമായ വിമാനനിരക്കിന് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. അവധി സമയത്തെ അമിതമായ വിമാനക്കൂലി പ്രവാസികുടുംബങ്ങളെ രൂക്ഷമായി ബാധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര വ്യോമയാന മന്ദ്രാലയത്തിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗൽ സെല്ലിന്റെ ഇടപെടൽ .
ഇന്ത്യയിൽ വിമാനക്കൂലി നിർണയം നിലവിൽ സർക്കാർ നിയന്ത്രണത്തിലല്ല. കമ്പോളശക്തികൾ നിരക്ക് നിർണയിക്കുന്നു എന്ന വാദമാണ് കാലാകാലങ്ങളായി സർക്കാർ ഉന്നയിക്കുന്നത് . ഈ വിഷയത്തിൽ കോടതിയുടെ ഇടപെടൽ ആവശ്യപെട്ട് പ്രവാസി ലീഗൽ സെൽ മുൻപ് കോടതിയെ സമീപിച്ചപ്പോൾ പോളിസി വിഷയമായതിനാൽ സർക്കാരാണ് നടപടി എടുക്കേണ്ടത് എന്നാണ് കോടതിയുടെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്നാണ് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റ്റ് അഡ്വക്കേറ്റ് ജോസ് ഏബ്രഹാം കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ. ജ്യോതിരാദിത്യ സിന്ധ്യക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഡൽഹി ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നു തൂക്കിനോക്കി വിലയീടാക്കുന്ന രീതി അവസാനിപ്പിച്ചു എങ്കിലും അമിതമായ നിരക്കാണ് മൃദദേഹം നാട്ടിലെത്തിക്കാനായി വിമാനകമ്പനികൾ ഈടാക്കുന്നത് എന്നും സൗജന്യമായി പ്രവാസികളുടെ മൃദദേഹം നാട്ടിലെത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപെടുന്നു. പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നു മൃദദേഹം തൂക്കി നോക്കി നിരക്ക് ഈടാക്കുന്ന സമ്പ്രദായം അവസാനിപ്പിച്ചത്.
പ്രവാസികളെ ആകമാനം വളരെ ഗുരുതരമായി ബാധിക്കുന്ന ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തിരമായ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്തു അറിയിച്ചു.