മനാമ: മലയാളഭാഷയുടെ മാധുര്യം നുകര്‍ന്ന് കൊടുക്കുക എന്ന ലക്ഷ്യത്തോടെ ബഹ്റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജനസഖ്യം നടത്തി വരാറുള്ള അവധിക്കാല മലയാള പഠന കളരി ‘അക്ഷരജ്യോതി 2023’ നു തുടക്കം കുറിച്ചു. എന്റെ ഭാഷ എന്റെ അഭിമാനം എന്ന ചിന്താവിഷയം ആസ്പദമാക്കി ക്രമീകരിച്ചിരിക്കുന്ന പാഠ്യപദ്ധതിയോടൊപ്പം ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചെറുഗാനങ്ങള്‍, കഥകള്‍, കടങ്കഥകള്‍, കവിതകള്‍, കളികള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
യോഗത്തില്‍ റവ. മാത്യു ചാക്കോ (പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു. യുവജന സഖ്യം വൈസ് പ്രസിഡന്റും അക്ഷര ജ്യോതി കണ്‍വീനറുമായ ജസ്റ്റിന്‍ കെ ഫിലിപ്പ് സ്വാഗത പ്രസംഗം നടത്തി. മുഖ്യാതിഥി റവ. ഫാദര്‍ സിബി ബാബു (സെന്റ് ജോണ്‍സ് ഓര്‍ത്തോഡോക്‌സ് സിറിയന്‍ ചര്‍ച്ച്, അന്ധേരി, മുംബൈ), അക്ഷരജ്യോതി 2023 ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാന അധ്യാപകന്‍ ജെഫിന്‍ ഡാനി അലക്‌സ് തുടര്‍ന്നുള്ള ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. മലയാള ഭാഷയുടെ തനിമ നഷ്ടപ്പെടാതെ സാമൂവേല്‍ അനിയന്‍ വരികള്‍ എഴുതി ഈണം നല്‍കിയ ‘മലയാളമാണെന്റെ അഭിമാന ഭാഷ ”എന്നാരംഭിക്കുന്ന ഗാനം യോഗത്തില്‍ ആലപിച്ചു.
യുവജന സഖ്യം സെക്രട്ടറി എബിന്‍ മാത്യു ഉമ്മന്‍ നന്ദി അറിയിച്ചു. അക്ഷര ജ്യോതിയുടെ കണ്‍വീനഴ്‌സ് ആയി റോജന്‍ എബ്രഹാം റോയി, ജസ്റ്റിന്‍ കെ ഫിലിപ്പ് എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. അക്ഷര ജ്യോതി ക്ലാസുകള്‍ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 11 മണി മുതല്‍ 1 മണി വരെ ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.









