bahrainvartha-official-logo
Search
Close this search box.

പ്രിയ നേതാവിൻറെ വിയോഗത്തിൽ അനുശോചനവുമായി പ്രവാസ ലോകവും

New Project - 2023-07-18T151119.349

മനാമ: കോൺഗ്രസ് നേതാവും കേരളത്തിന്റെ മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചന പ്രവാഹവുമായി ബഹ്‌റൈൻ പ്രവാസ ലോകവും. ക്യാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉമ്മന്‍ ചാണ്ടി ഇന്ന് പുലര്‍ച്ചെ 4.25ഓടെയാണ് അന്തരിച്ചത്. ബംഗളൂരുവിലെ ചിന്മയ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് പൊതു അവധിയും രണ്ടു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.


ജനകീയ മുഖം, പകരം വെയ്ക്കാനില്ലാത്ത നേതാവ്: ഐവൈസിസി ബഹ്‌റൈൻ

മനാമ: മുൻ മുഖ്യമന്ത്രിയും,എഐസിസി ജനറൽ സെക്രെട്ടറിയുമായ ഉമ്മൻ ചാണ്ടി എംഎൽഎ യുടെ നിര്യാണത്തിൽ ഐവൈസിസി ദേശീയ കമ്മറ്റി അനുശോചിച്ചു. കേരളത്തിൽ അധികാരത്തിലിരുന്ന സർക്കാരുകളിൽ ജനകീയ സർക്കാർ എന്ന് വിശേഷിപ്പിക്കപ്പെട്ട സർക്കാരാണ് ബഹു. ഉ മ്മൻചാണ്ടിയുടേത്. ഊണും ഉറക്കവും ഉപേക്ഷിച്ച് സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കണ്ടിരുന്ന അദ്ദേഹം ജന പ്രതിനിധികൾക്ക് മാതൃകയാണ്. സ്നേഹത്തോടും,സമാധാനത്തോടും മാത്രം മറ്റുള്ളവരോട് ഇടപഴകിയിരുന്ന ഉമ്മൻ ചാണ്ടിയുടെ ജീവിതം ഇന്നത്തെ ഭരണാധികൾക്ക് ഒരു പാഠപുസ്തകമാണ്. ഐവൈസിസി യുടെ തുടക്കകാലം മുതൽ സംഘടനയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ നിർദേശങ്ങളും ഉപദേശശങ്ങളും സംഘടനയുടെ വളർച്ചക്ക് മുതല്കൂട്ടായിട്ടുണ്ടെന്നു പ്രസിഡണ്ട് ഫാസിൽ വട്ടോളി,ജന:സെക്രട്ടറിഅലൻ ഐസക്,ട്രഷറർ:നിധീഷ് ചന്ദ്രൻ എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.അദ്ദേഹത്തിന്റെ വിയോഗം ഐവൈസിസിക്കും ,കോൺഗ്രസ് പ്രസ്ഥാനത്തിനും ,കേരള സമൂഹത്തിനും തീരാനഷ്ടമാണെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.


കേരളം കണ്ട ഏറ്റവും ജനകീയനായിരുന്ന മുഖ്യമന്ത്രി: കെഎംസിസി ബഹ്‌റൈൻ

കേരളം കണ്ട ഏറ്റവും ജനകീയനായിരുന്ന മുഖ്യമന്ത്രിയും പൊതുപ്രവർത്തന രംഗത്തെ കറകളഞ്ഞ വ്യക്തിത്വവും ആയ പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി. മതേതര കാഴ്ചപ്പാടിലും നിലപാടിലും ഉറച്ചു നിന്നുകൊണ്ട് ജനാധിപത്യ വഴിയിലൂടെ ജീവിതകാലം മുഴുവൻ അദ്ദേഹം സഞ്ചരിച്ചു. സാധാരണ പൗരന്മാരുടെ ജീവിത പ്രശ്നങ്ങൾ അടുത്ത് നിന്ന് കേട്ടുകൊണ്ട് അദ്ദേഹം പരിഹാരം കണ്ട ജനസംബർക്ക യാത്രകൾ കേരള ചരിത്രത്തിൽ ഇടം തേടി.

മുസ്ലിം സമുദായത്തിന്റെ പ്രശ്നങ്ങളിൽ അനുഭാവ പൂർണമായ സമീപനവും സാമുദായിക സൗഹാർദം നില നിർത്തുന്നതിൽ വിട്ടുവീഴ്ചയുടെ സമീപനവും സ്വീകരിച്ചു അദ്ദേഹം കേരളത്തിന്റെ മനം കവർന്നു. ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ഇരിക്കുമ്പോൾ എല്ലാവരെയും ചേർത്ത് പിടിക്കുന്ന ഉമ്മൻ ചാണ്ടിയുടെ വിശാല മനസ്കത സുവിഖ്യാതമാണ്. മുസ്ലിം ലീഗ് പാർട്ടി നേതാക്കളോടും പ്രവർത്തകരോടും ഹൃദയ ചേർച്ച കാത്തു സൂക്ഷിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി.

ബഹ്‌റൈനിൽ വന്നപ്പോളൊക്കെ കെഎംസിസി ഓഫിസ് സന്ദർശിക്കാനും പ്രവർത്തകരുമായി സൗഹൃദം പുതുക്കാനും അദ്ദേഹം എപ്പോഴും താല്പര്യം കാണിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിയോഗം മൂലം വേദനിക്കുന്ന അദേഹത്തിന്റെ കുടുംബത്തിന്റെയും കൊണ്ഗ്രെസ്സ് പ്രവർത്തകരുടെയും കേരള ജനതയുടെയും ദുഖത്തിലും പ്രയാസത്തിലും ബഹ്‌റൈൻ കെഎംസിസി പങ്ക് ചേരുന്നതായി ആക്റ്റിംഗ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരിയും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും അറിയിച്ചു.


ജനങ്ങൾക്കിടയിൽ ജീവിക്കുകയും ജീവശ്വാസം പോലെ ജനങ്ങളെ കരുതുകയും ചെയ്ത നേതാവ്: ബഹ്റൈൻ കേരളീയ സമാജം

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജം അനുശോചനം രേഖപ്പെടുത്തുന്നു. എന്നും ജനങ്ങൾക്കിടയിൽ ജീവിക്കുകയും ജീവശ്വാസം പോലെ ജനങ്ങളെ കരുതുകയും ചെയ്ത,കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയമായ മുഖമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്.

 

യൂ എൻ പബ്ലിക് സർവീസ് അവാർഡ് വാങ്ങുവാനായി ബഹ്റൈനിൽ എത്തിയ ഉമ്മൻ ചാണ്ടിക്ക് 2013 ജൂൺ 28 ന് ബഹ്റൈൻ കേരളീയ സമാജം സ്വീകരണം ഒരുക്കിയപ്പോൾ പി വി രാധാകൃഷ്ണപിള്ള അദ്ദേഹത്തെ പൊന്നാട അണിയിക്കുന്നു

 

ബഹ്റൈൻ കേരളീയ സമാജവുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുകയും ബഹ്റൈനിൽ വന്നിട്ടുള്ള അവസരങ്ങളിലെല്ലാം താത്പര്യപൂർവ്വം സമാജം സന്ദർശിക്കുകയും ചെയ്തിട്ടുള്ള നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.

പൊതുസേവനത്തിനും ജനപങ്കാളിത്തതോടെയുള്ള ഭരണത്തിനും ഐക്യരാഷ്ട്രസഭ ഏര്‍പ്പെടുത്തിയ പുരസ്കാരം സ്വീകരിക്കാൻ ബഹ്റൈനിൽ എത്തിയ സന്ദർഭത്തിൽ സമാജം അദ്ദേഹത്തിന് വിപുലമായ സ്വീകരണം ഒരുക്കിയിരുന്നു.

വിദേശ രാജ്യത്ത് ആദ്യമായി മലയാളം മിഷൻ്റെ പ്രവർത്തനങ്ങൾക്ക് ബഹ്റൈനിൽ തുടക്കം കുറിച്ചതും കേരള സംഗീത നാടക അക്കാദമിയുടെ ഗൾഫ് അമേച്വർ നാടക മത്സരം സംഘടിപ്പിക്കപ്പെട്ടതും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു.

അരനൂറ്റാണ്ടിലേറെ, ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്ന പൊതുപ്രവർത്തകൻ നിലയിലും മികച്ച ഭരണാധികാരി എന്ന നിലയിലും പൊതുജീവിതത്തിൽ നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ ബഹ്റൈൻ കേരളീയ സമാജം അഗാധമായ ദുഖം രേഖപ്പെടുത്തുന്നു


ജനങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന നേതാവ്: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ

എന്നും ജനങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന നേതാവായിരുന്നു അന്തരിച്ച മുൻ മുഖ്യ മന്ത്രിയെന്ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പുറത്തിറക്കിയ അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു. ജനസേവനത്തിനായി മുഴുസമയവും മാറ്റിവെച്ച അദ്ദേഹം സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെയാണ് പൊതുരംഗത്ത് സജീവമായത്. അധികാരത്തിൽ ഇരിക്കുമ്പോഴും സാധാരണക്കാരായ ജനങ്ങൾക്ക് എന്നും അദ്ദേഹം പ്രാപ്യനായിരുന്നു. വിനയവും അർപ്പണബോധവുമുള്ള ഒരു നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. ജനാധിപത്യ-മതേതര ചേരിയെ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ രാജ്യത്ത് സമാധാനവും ക്ഷേമവും ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു.

ഉമ്മൻ ചാണ്ടിയുടെ ബഹ്‌റൈൻ സന്ദർശന വേളയിൽ ഫ്രന്റ്‌സ് അസോസിയേഷൻ സ്വീകരണം നൽകിയപ്പോൾ

 

ഉമ്മൻ ചാണ്ടിയുടെ വിയോഗം മൂലം വേദനിക്കുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി ഫ്രൻ്റ്സ് നേതാക്കൾ അറിയിച്ചു. മതേതര ചേരിയെ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ പിന്തുടരാൻ സമൂഹത്തിന് സാധിക്കുമെന്ന് അവർ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ബഹ്‌റൈൻ സന്ദർശന വേളയിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കേന്ദ്ര ഓഫീസ് സന്ദർശിക്കുകയും നേതാക്കളുമായും പ്രവർത്തകരുമായും ഏറെ നേരം സംവദിക്കുകയും ചെയ്തിരുന്നതായും അനുസ്‌മരിച്ചു.


ജനകീയതയുടെ മുഖമായിരുന്നു ഉമ്മൻ‌ചാണ്ടി; ബഹ്‌റൈൻ പ്രതിഭ

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബഹ്‌റൈൻ പ്രതിഭ അനുശോചനം രേഖപ്പെടുത്തുന്നു.

കേരളജനതയുടെ കഴിഞ്ഞ 50 വർഷക്കാലത്തെ ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. വിവാദങ്ങളിൽ അകപ്പെട്ടപ്പോഴും അവയൊക്കെ ആത്മനിയന്ത്രണത്തോടെ നേരിട്ട ഉമ്മൻചാണ്ടിയുടെ മെയ്‌വഴക്കം ഏതൊരു രാഷ്ട്രീയ നേതാവിനും മാതൃകയാക്കാവുന്നതാണ്. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം ലീഡർ കെ കരുണാകരനും എ കെ ആന്റണിക്കും ചുറ്റിലുമായി കറങ്ങി നിൽക്കുമ്പോഴും, കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കോൺഗ്രസിൻറെയും കേരളത്തിൻറെയും രാഷ്ട്രീയ ചരിത്ര നിർമ്മിതിയ്ക്കു നിദാനമായത് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ കരുനീക്കങ്ങളായിരുന്നു. തുടർച്ചയായി 50 വർഷം ഒരേമണ്ഡലത്തിൽ നിന്നുമുള്ള നിയമസഭാ സാമാജികനായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് അദ്ദേഹത്തിനോടുള്ള ജനങ്ങൾക്കുള്ള വിശ്വാസത്തിൻറെ കൂടി ദൃഷ്ടാന്തമാണ്.

 

കേരള രാഷ്ട്രീയത്തിൻറെയും ഭരണത്തിൻറെയും അത്യുന്നതങ്ങളിൽ വിരാജിക്കുമ്പോഴും ജീവിതവഴികളിൽ ഉമ്മൻ ചാണ്ടി കാണിച്ച സാധാരണത്വവും ലാളിത്യവും എടുത്തുപറയേണ്ടതാണ്. ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിൽ നികത്തപ്പെടാൻ ഇടയില്ലാത്ത വിടവ് ഉണ്ടാക്കുമെന്നതിൽ തർക്കമില്ല. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾക്കും അനുയായികൾക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുന്നതുമായി പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ ജോയ് വെട്ടിയാടൻ എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

 


 

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ വോയ്സ് ഓഫ് ആലപ്പി അനുശോചിച്ചു

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ വോയ്സ് ഓഫ് ആലപ്പി അനുശോചനം രേഖപെടുത്തി, കേരളീയ പൊതു മണ്ഡലത്തിൽ തന്റെതായ ശൈലിയിൽ ജനങ്ങൾക്ക് ഇടയിൽ ജീവിച്ചു ഒരു പൊതു പ്രവർത്തകൻ എങ്ങിനെ ആകണം എന്ന് കാണിച്ചു തന്ന നേതാവ് ആയിരുന്നു അദ്ദേഹം,തന്നെ സമീപിക്കുന്ന ഓരോ ആളിന്റെയും പ്രശ്നങ്ങൾ കേട്ടതിന് ശേഷമേ മറ്റ് പരിപാടിക്ക് പോകു എന്നതും ഉമ്മൻ ചാണ്ടി എന്ന നേതാവിനെ വേറിട്ട്‌ നിർത്തുന്നു, രാഷ്ട്രീയ വേർതിരിവ് ഇല്ലാതെ ഏവർക്കും സ്വീകര്യൻ ആയിരുന്ന അദ്ദേഹത്തിന്റെ മരണം നികത്താൻ ആകാത്ത വിടവ് ആണ് എന്നും വോയ്സ് ഓഫ് ആലപ്പി അനുശോചന കുറിപ്പിൽ അറിയിച്ചു.

 


 

ഉമ്മൻ‌ചാണ്ടിയുടെ നിര്യാണത്തിൽ കെപിഎ അനുശോചിച്ചു

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്ഗ്രസ്സ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ധിഷണശാലിയായ നേതാവായിരുന്നു ഉമ്മൻ‌ചാണ്ടി. ജനകീയ മുഖ്യമന്ത്രി എന്ന നിലയിൽ പ്രവർത്തനം നടത്തിയതിന് തെളിവായിരുന്നു മുഖ്യമന്ത്രിയുടെ ജന സമ്പർക്ക പരിപാടികളുടെ വിജയം. തുടർച്ചയായി ഒരേ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധികീകരിക്കുന്നത് തന്നെ ജനസ്വാധീനത്തിന്റെ ഉദാഹരണമാണ്. ഉമ്മൻ‌ചാണ്ടിയുടെ വിയോഗം കേരളത്തിന്റെ രാഷ്ട്രീയ പൊതു മണ്ഡലത്തിനു നഷ്ടമാണെന്നും  കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറിയേറ്റ് കമ്മിറ്റി ഇറക്കിയ വാർത്താകുറുപ്പിൽ അറിയിച്ചു.

 


മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മുഹറഖ് മലയാളി സമാജം അനുശോചിച്ചു

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണം കേരളീയ സമൂഹത്തിനു തീരാ നഷ്ടം ആണെന്ന് മുഹറഖ് മലയാളി സമാജം, പൊതു ജീവിതത്തിന്റെ പൂർണ്ണ സമയവും ജനങ്ങൾക്ക് ഒപ്പം നിന്ന് ആൾക്കൂട്ടങ്ങൾക്ക് നടുവിൽ ജീവിച്ച നേതാവ് ആയിരുന്നു അദ്ദേഹം, മുഖ്യമന്ത്രി ആയപ്പോൾ ജന സമ്പർക്ക പരിപാടി എന്ന പരിപാടി നടത്തി ഉമ്മൻ ചാണ്ടി ശൈലി ഭരണത്തിലും കൊണ്ട് വന്നു നിരവധിപേർക്ക് ആശ്വാസം നൽകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

 

രാഷ്ട്രീയ ഭേധമന്യേ ഏവർക്കും പ്രിയങ്കരനയ അദ്ദേഹം പറയുന്നതിനേക്കാൾ കൂടുതൽ കേൾക്കാൻ വേണ്ടി സമയം ചിലവഴിക്കുന്ന ഒരു നേതാവായിരുന്നു. ഓരോ വ്യക്തിയെയും അവരുടെ ചുമലിൽ പിടിച്ചു അവർ പറയുന്നത് വളരെ അടുത്തു നിന്ന് കേൾക്കുന്ന ഒരു മനുഷ്യൻ. അവരോട് വളരെ എളിമയോടെ സംസാരിക്കുന്ന ഭരണാധികാരി. നമുക്കെല്ലാം ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറം ഉള്ള അനുപമമായ ഒരു വ്യക്തിത്വം ആയിരുന്നു ഉമ്മൻ ചാണ്ടി എന്നും അദ്ദേഹത്തിന്റെ വിയോഗം കേരള പൊതു മണ്ഡലത്തിൽ വലിയ നഷ്ടം ആണെന്നും അനുശോചന കുറിപ്പിൽ മുഹറഖ് മലയാളി സമാജം എക്സിക്യൂട്ടീവ് പറഞ്ഞു

 


ലാളിത്യം മുഖ മുദ്രയാക്കിയ ജനനായകൻ : ഐവൈസി ബഹ്‌റൈൻ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഐവൈസി ബഹ്‌റൈൻ ചാപ്റ്റർ അനുശോചിച്ചു. ഇന്ത്യ കണ്ട പൊതു പൊതുപ്രവർത്തകരിൽ ഏറ്റവും മുന്നിൽ നിന്ന പേരാണ് ഉമ്മൻ ചാണ്ടി. ലാളിത്യവും സൗമ്യസ്വഭാവവും കൈമുതലായ ഉമ്മൻ ചാണ്ടിയുടെ വേർപാട് കോൺഗ്രസ് പാർട്ടിക്കും കേരള സമൂഹത്തിനും തീരാ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഐവൈസി ഭാരവാഹികളായ നിസാർ കുന്നംകുളത്തിങ്കൽ,ബേസിൽ നെല്ലിമറ്റം ഹരി ഭാസ്കർ എന്നിവർ അനുശോചനക്കുറിപ്പിലൂടെ അറിയിച്ചു.

ഇന്ത്യൻ ഓവർസീസ് കോൺഗസ്
മനുഷ്യത്വത്തിന് ഏറെ വിലമതിക്കുകയും ജനകീയ വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിൽ ജീവിതത്തിൽ വിശ്രമം കാണാതെ നയിച്ച നേതാവാണ് ശ്രീ ഉമ്മൻ ചാണ്ടിയെന്ന സത്യം കേരള രാഷ്ട്രീയ ചരിത്രത്തിൽ എഴുതി വെച്ച് വിട വാങ്ങിയെതെന്നും കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിൽ പിസിസി അദ്ധ്യക്ഷസ്ഥാനമൊഴിച്ച് പാർട്ടിയെ മുൻ നിരയിലെത്തിച്ച നേതാവാണന്നും ഇന്ത്യൻ ഓവർസീസ് കോൺഗസ് ബഹ്റൈൻ ജനറൽ സെക്രട്ടറി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

 


ബഹ്റൈൻ മലയാളി ബിസിനസ് ഫോറം

പ്രവാസികളുടെ അർഹതപ്പെട്ട വിവിധ പ്രശ്നങ്ങൾക്ക് മുൻനിരയിൽ പ്രവർത്തിച്ച നേതാവും മുഖ്യമന്ത്രിയായിരിക്കുമ്പോൾ യു എൻ പുരസ്ക്കാരം ഏറ്റുവാങ്ങാൻ വന്നപ്പോൾ തിരക്ക് പിടിച്ച സമയത്തും സംഘടനകളുടെ ആവശ്യത്തെ പിന്തള്ളാതെ പങ്കെടുത്ത മുഖ്യമന്ത്രി എന്ന കാര്യം ബഹ്റൈൻ മലയാളികൾ എക്കാലവും നന്ദിയോടെ സ്മരിക്കുമെന്ന് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം അനുശോചനത്തിൽ അറിയിച്ചു


ഗൾഫ് മലയാളി ഫെഡറേഷൻ

മുഖ്യമന്ത്രിയായിരിക്കുബോൾ ജനകീയ വിഷയങ്ങൾക്ക് കാതലായ മാറ്റം വരുത്തിയ ഉമ്മൻ ചാണ്ടി പ്രവാസികളുടെ പ്രശ്നങ്ങൾക്ക് അന്തിമ തീരുമാനം കാണുന്നതിൽ ഏറെ ശ്രദ്ധിച്ചിരുന്ന കാര്യം ഏറെ മഹത്തരമായിരുന്നു അദ്ദേഹത്തിന്റെ കുടുബ ദുഖത്തിൽ പങ്ക് ചേർന്നുകൊണ്ട് അനുശോചനം അറിയിക്കുന്നതായി ഗൾഫ് മലയാളി ഫെഡറേഷൻ പത്രകുറിപ്പിൽ അറിയിച്ചു.

 


 

ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം അറിയിച്ചു.

മുൻ മുഖ്യമന്ത്രിയും അഞ്ചു പതിറ്റാണ്ടിലധികമായി പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എം എൽ എ യുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം അറിയിച്ചു.

കേരളത്തിലെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി അഹോരാത്രം പ്രവർത്തിച്ച ശ്രി ഉമ്മൻ ചാണ്ടി ഒരു വേറിട്ട വ്യക്തിത്വം തന്നെയാണ്.

ഒരു പൊതു പ്രവർത്തകൻ എങ്ങനെയാവണം എന്നതിന് ഉത്തമ ഉദാഹരണമാണ്‌ ഉമ്മൻ ചാണ്ടിയുടെ ജീവിതം.

ജനങ്ങളുടെ സ്പന്ദനം തിരിച്ചറിയുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരള സമൂഹത്തിനും ബഹ്‌റിനിലെ മലയാളി സമൂഹത്തിനും ഒരു തീരാനഷ്ടം തന്നെയാണെന്ന് ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ അനുശോചന കുറിപ്പിൽ അറിയിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!