മനാമ: ലോകത്ത് എവിടെ ചെന്നാലും തന്റെ ചുറ്റും കൂടുന്ന ആയിരക്കണക്കിന് ആളുകളിൽനിന്ന് ഊർജമുൾക്കൊണ്ട് പ്രവർത്തിക്കുന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഒ.ഐ.സി.സി. 27ാം വയസ്സ് മുതൽ മരിക്കുന്ന 79 വയസ്സു വരെ, തുടർച്ചയായി 12 തവണ, നീണ്ട 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയാകാനും ഭാഗ്യം ലഭിച്ച അദ്ദേഹം സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി തന്റെ ജീവിതം മാറ്റിവെച്ചു.
കേരളത്തിലെ മുന്നണിരാഷ്ട്രീയം കൃത്യമായി കൈകാര്യം ചെയ്യാനും ആർക്കും ഒരു പരാതിയും ഇല്ലാതെ പ്രശ്നപരിഹാരം കാണാനും അദ്ദേഹത്തിന് കഴിഞ്ഞു. സൗമ്യതയുടെ പര്യായമായ ഉമ്മൻ ചാണ്ടി കാരുണ്യത്തിന്റെ നിറകുടമായിരുന്നു. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ വധശിക്ഷയടക്കം പ്രതീക്ഷിച്ചു ജയിലിൽ കഴിഞ്ഞിരുന്ന നിരവധി ആളുകൾക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കുന്ന തരത്തിൽ അദ്ദേഹം ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ വിയോഗം തീർത്താൽ തീരാത്ത നഷ്ടമാണെന്നും ഒ.ഐ.സി.സി ബഹ്റൈൻ പ്രസിഡന്റ് ബിനു കുന്നന്താനം അനുശോചനക്കുറിപ്പിൽ പറഞ്ഞു.