മനാമ: കാൻസർ കെയർ ഗ്രൂപ്പ് സംഘടിപ്പിച്ച കുടുംബ സംഗമം ശ്രദ്ധേയമായി. ബഹ്‌റൈൻ കേരളീയ സമാജം രവി പിള്ള ഹാളിൽ നടത്തിയ സംഗമത്തിൽ പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ അധ്യക്ഷത വഹിച്ചു. ഷെയ്ഖ് ഖലീഫ ഇന്സ്ടിട്യൂട്ട് മുൻ മേധാവിയും ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ മുൻ ഒബ്സർവറുമായ മുഹമ്മദ് ശഅബാൻ, കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓൺകോളജി ലബോറട്ടറീസ് ഡയറക്ടറും ബഹ്‌റൈൻ കാൻസർ സൊസൈറ്റി അംഗവുമായ ഡോ: മറിയം ഫിദ, ബഹ്‌റൈൻ ഒളിമ്പിക്സ് സ്പോർട്സ് കമ്മിറ്റി മേധാവി ഡോ: ഹുസൈൻ ഹദാദ്, പ്രമുഖ മാധ്യമ പ്രവർത്തകൻ സോമൻ ബേബി, ഇന്ത്യൻ ഇന്സ്ടിട്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സ് ഡയറക്‌ടർ അമ്പിളി കുട്ടൻ, ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി. സലിം സ്വാഗതവും, മാത്യു ജോർജ് നന്ദിയും രേഖപ്പെടുത്തി. അഖില ലൈസ ജോസഫ് യോഗ നടപടികൾ നിയന്ത്രിച്ചു.
ആലിയിലെ കിംഗ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ചു കാൻസർ കെയർ ഗ്രൂപ്പ് ആഗസ്റ്റ് മാസം ആദ്യം നടത്താൻ ഉദ്ദേശിക്കുന്ന മെഡിക്കൽ സെമിനാർ – സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ചെക്കപ്പ്, നവംബർ മാസത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന ഗ്രൂപ്പിന്റെ വാർഷിക ആഘോഷങ്ങൾ എന്നിവയുടെ ഒരുക്കങ്ങൾ കുടുംബ സംഗമത്തിൽ ഡോ: പി. വി. ചെറിയാൻ വിശദീകരിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അഡ്വ: പോൾ സെബാസ്റ്റിയൻ – ലിസി പോൾ, ബെഞ്ചമിൻ – മോളി ബെഞ്ചമിൻ ദമ്പതികൾക്ക് യാത്രയയപ്പും, ബഹ്‌റൈനിലെ പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ ഐലൻഡ് ടോപ്പേർ ആയ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി കൃഷ്ണ ആർ നായരേയും, പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ ബഹ്‌റൈനിൽ നിന്നും ടോപ്പർ ആയ വീണ കിഴക്കേതിലിനെയും അനുമോദിക്കുന്ന ചടങ്ങും കുടുംബ സംഗമത്തിന്റെ ഭാഗമായി നടത്തുകയുണ്ടായി.
കാൻസർ കെയർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോർജ് കെ. മാത്യു, അബ്ദുൽ സഹീർ, അഡ്വൈസറി ബോർഡ് അംഗം ഡോ: സന്ധു, പ്രധാന പ്രവർത്തകർ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.