വിദ്യാർത്ഥികൾക്ക് സൗജന്യ അധിക ബാഗ്ഗേജ് സൗകര്യം ഒരുക്കി ഗൾഫ് എയർ

മനാമ: ഗൾഫ്‌ എയറിൽ പറക്കുന്ന സർവകലാശാല വിദ്യാർഥികൾക്ക് സൗജന്യ അധിക ബാഗ്ഗേജ് അനുവദിച്ചു. ഇന്നലെയാണ് അധിക ബാഗ്ഗേജ് സൗകര്യം പ്രഖ്യാപിച്ചത്‌. എല്ലാ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കുമായി 23kg അധിക ബാഗ്ഗേജാണ് അനുവദിച്ചിരിക്കുന്നത്. കോളേജ് അല്ലെങ്കിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥി ഐഡി കൈവശമുള്ള എല്ലാ വിദ്യാർത്ഥികൾക്കും അധിക ബാഗ്ഗേജ് സൗകര്യം ഉപയോഗിച്ച് എയർലൈൻസ് ഗ്ലോബൽ നെറ്റ് വർക്കിൽ എവിടെ വേണമെങ്കിലും പറക്കാൻ സാധിക്കും.

ഇത് ഞങ്ങളുടെ എല്ലാ വിദ്യാർത്ഥി യാത്രക്കാർക്കും വലിയ ബോണസ് ആണെന്ന് ഗൾഫ് എയർ ചീഫ് എക്സിക്യൂട്ടീവ് ക്രേസിമിർ കുക്കോ പറഞ്ഞു. വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ, ലാപ്ടോപ്പുകൾ, ശീതള വസ്ത്രങ്ങൾ തുടങ്ങിയവ കൊണ്ടുപോകാൻ കൂടുതൽ ലഗേജ് ആവശ്യമാണ്. അക്കാദമിക് വർഷത്തെ യാത്രയ്ക്കിടെ കുട്ടികൾ ശ്രദ്ധാപൂർവ്വം അവരുടെ ഇനങ്ങൾ പാക്ക് ചെയ്യാൻ എപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. ഓരോ വിദ്യാർത്ഥിക്കും കോളേജിലേക്ക് പറക്കാൻ അല്ലെങ്കിൽ വേനൽക്കാലത്ത് വീട്ടിൽ തിരിച്ചെത്താൻ 23 കിലോ അധിക ബാഗ് അനുവദിച്ചുകൊണ്ട് എല്ലാ കുട്ടികൾക്കും എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാൻ സൗകര്യം ഒരുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ അലവൻസ് ലഭിക്കുന്നതിന് വിദ്യാർത്ഥികൾ അവരുടെ വിദ്യാർത്ഥി ഐഡി കാർഡുകൾ കൗണ്ടർ ഏജന്റുമാർക്ക് നൽകണം. ഐഡിയിലെയും എയർ ടിക്കറ്റിലെയും പേര് ഒന്നാണെങ്കിൽ ഏജന്റ് സൗജന്യ അധിക ബാഗ്ഗേജ് അലവൻസ് നൽകും.