മനാമ: വര്‍ഷങ്ങള്‍ നീണ്ട സാമ്രാജ്യത്വ അടിമത്വത്തിൽ നിന്ന് മോചനം നേടിയതിന്‍റെ ഓര്‍മ്മ പുതുക്കി രാജ്യം വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. വൈവിധ്യമാർന്ന ആഘോഷങ്ങളാണ് രാജ്യമെങ്ങും. വൈവിധ്യങ്ങളോടുള്ള രാജ്യത്തിൻറെ നിലപാടുകളിലൂടെയാണ് ജനാധിപത്യം അളക്കപ്പെടുന്നത്. നാനാത്വമാണ് രാജ്യത്തിൻറെ സവിശേഷത. വ്യത്യസ്തതകൾ ജനാധിപത്യത്തിൻറെ സ്വാഭാവിക അടയാളമാണ്. ഇന്ത്യ എന്ന ദേശം രൂപപ്പെടുന്നത് തന്നെ വൈവിധ്യങ്ങളെ സാധ്യമാകുന്ന അളവിൽ വിളക്കി ചേർക്കാൻ ശ്രമിച്ചുകൊണ്ടാണ്. വൈവിധ്യങ്ങളെ നിരാകരിക്കുന്ന രാഷ്ട്രീയ ആശയങ്ങൾ രാജ്യത്തിൻ്റെ തുറസുകൾ അടയ്ക്കുകയും കുടുസ്സുകൾ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്.
രാജ്യത്തെ അവസാനത്തെ മനുഷ്യനെ വരെ ഉൾക്കൊള്ളുന്ന ദേശീയതയും അവൻ്റെ ക്ഷേമത്തെയും സാമൂഹിക നീതിയെക്കുറിച്ചുമുള്ള ക്ഷേമ രാഷ്ട്ര സങ്കൽപ്പവും സാഹോദര്യവും സഹവർതിത്വവും അടയാളപ്പെടുത്തി മുന്നോട്ടുപോകുമ്പോഴാണ് സ്വാതന്ത്ര്യ സമര സേനാനികൾ സ്വപ്നം കണ്ട ഇന്ത്യ യാഥാർത്ഥ്യമാകുന്നത്.
ഒരു രാജ്യമെന്ന നിലയിൽ സ്വാതന്ത്ര്യം ലഭിച്ചു ഒരു സ്വയം പര്യാപ്ത രാഷ്ട്രം എന്ന നിലയിലേക്കുള്ള പരിവർത്തന പാതയിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളോടും നീതിപുലർത്താൻ രാജ്യത്തെ ഭരണ സംവിധാനങ്ങൾക്ക് ബാധ്യതയുണ്ട്. ആത്മാഭിമാനത്തോടുകൂടി ജീവിക്കാനുള്ള പ്രാഥമിക അവകാശങ്ങൾ ഓരോ പൗരനും ലഭ്യമാക്കേണ്ടതുണ്ട്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ കാലത്തും ആത്മാഭിമാനത്തോടുകൂടി ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടവരുടെയും പാർപ്പിടങ്ങളിൽ നിന്ന് അന്യായമായി കുടിയിറക്കപ്പെടുന്നവരുടെയും രോദനം മുഴങ്ങുന്നു എന്നത് നമ്മെ അസ്വസ്ഥപ്പെടുത്തേണ്ടതുണ്ട്.
രാജ്യത്തെ പൗരന്മാർക്കിടയിൽ നീതിബോധവും സമഭാവനയും അതിലൂടെ സാമൂഹ്യനീതിക്കുവേണ്ടി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഒന്നിക്കാൻ സാധിക്കുന്ന ഒരു പ്രതലവും രാജ്യത്ത് രൂപപ്പെടേണ്ടതുണ്ട്.
രാജ്യത്തെ തകർക്കുന്ന വംശീയതയ്ക്കും വിദ്വേഷത്തിനും എതിരെ സാഹോദര്യവും സൗഹൃദവും ഉയർത്തി ഒന്നിച്ചു നിൽക്കേണ്ട ഒരു ചരിത്ര സന്ദർഭത്തിലാണ് രാജ്യം ഇന്നുള്ളത്. രാജ്യത്തിൻറെ വ്യത്യസ്തതകളെയും വൈവിധ്യങ്ങളെയും അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഇന്ത്യ എന്ന മഹത്തായ ആശയത്തിനായി നമുക്ക് കൈകോർക്കാം.
ജയ് ഹിന്ദ്.