മനാമ: സീറോ മലബാര്‍ സൊസൈറ്റി (സിംസ്) കുട്ടികള്‍ക്കായി സംഘടിപ്പിച്ച കളിമുറ്റം സമ്മര്‍ ക്യാമ്പ്-2023 ന്റെ ഗ്രാന്‍ഡ് ഫിനാലെ സിംസ് ഗൂഡ്വിന്‍ ഹാളില്‍ നടത്തി. സിംസിന്റെ നിയുക്ത പ്രസിഡന്റ് ഷാജന്‍ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയുക്ത ജനറല്‍ സെക്രട്ടറി സബിന്‍ കുര്യാക്കോസ് സ്വാഗതം ആശംസിച്ചു.
ജൂലൈ നാലിന് തുടങ്ങിയ സമ്മര്‍ ക്യാമ്പില്‍ നൂറില്‍പരം കുട്ടികള്‍ പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു. അവധിക്കാലം ആഘോഷമാക്കുന്നതിനോടൊപ്പം കുട്ടികളുടെ കഴിവും വിജ്ഞാനവും വര്‍ധിപ്പിക്കാന്‍ ഉതകുന്ന തരത്തില്‍ തയാറാക്കിയ കളിമുറ്റം സമ്മര്‍ ക്യാമ്പ്, കുട്ടികള്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.
ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത ഗ്രാന്‍ഡ് ഫിനാലെയില്‍ സമ്മര്‍ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളുടെയും വോളന്റീര്‍മാരുടെയും കലാപരിപാടികള്‍ അരങ്ങേറി. സമ്മര്‍ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച മല്‍സരങ്ങളുടെ സമ്മാന വിതരണവും ഗ്രാന്‍ഡ് ഫിനാലെയില്‍ നടത്തി.
സിംസ് കോര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ പോളി വിതയത്തില്‍, കളിമുറ്റം കോര്‍ഡിനേറ്റര്‍മാരായ ജസ്റ്റിന്‍ ഡേവിസ്, ലിജി ജോണ്‍സന്‍ എന്നിവര്‍ ആശംസകളും കണ്‍വീനര്‍ ജിജോ ജോര്‍ജ് നന്ദിയും അറിയിച്ചു.