മനാമ: ഇന്ത്യൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ബഹ്റൈൻ സന്ദർശനത്തോടനുബന്ധിച്ചുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി. ശ്രീനാരായണ ഗുരുവിന്റെ 169ാം തിരുജയന്തിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കാനാണ് മുൻ രാഷ്ട്രപതി എത്തുന്നത്. ‘ട്രിബ്യൂട്ട് ടു ബഹ്റൈൻ’ എന്ന പ്രധാന പൊതുപരിപാടിയിൽ മുൻ രാഷ്ട്രപതിയോടൊപ്പം കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, ബഹ്റൈൻ മന്ത്രിമാർ, വ്യവസായപ്രമുഖനും ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സെപ്റ്റംബർ ഏഴു മുതൽ ഒമ്പതുവരെയാണ് ഗുരുജയന്തിയോടനുബന്ധിച്ചുള്ള പരിപാടികൾ നടക്കുക. ശ്രീനാരായണ കൾചറൽ സൊസൈറ്റി (എസ്.എൻ.സി.എസ്), ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജ.എസ്.എസ്), ഗുരുസേവാ സമിതി (ബഹ്റൈൻ ബില്ലവാസ്) എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ. വ്യവസായ പ്രമുഖനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ കെ.ജി. ബാബുരാജൻ രക്ഷാധികാരിയായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സെപ്റ്റംബർ ആറിന് ബഹ്റൈനിലെത്തുന്ന രാംനാഥ് കോവിന്ദ് 7, 8, 9 എന്നീ ദിവസങ്ങളിൽ ബഹ്റൈനിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.
ഏഴിന് വൈകീട്ട് ഏഴിന് റാഡിസൺ ബ്ലൂ ഹോട്ടൽ, ഗ്രാൻഡ് അംബാസഡർ ബാൾറൂം ഹാളിൽ നടക്കുന്ന അത്താഴവിരുന്നിൽ മുഖ്യാതിഥിയായ മുൻ രാഷ്ട്രപതിയോടൊപ്പം ബഹ്റൈനിലെയും ഇന്ത്യയിലെയും മന്ത്രിമാർ, ഇന്ത്യൻ അംബാസഡർ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, പ്രമുഖ ബിസിനസ് സംരംഭകർ, വ്യക്തിത്വങ്ങൾ, സംഘടനാതലവന്മാർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുക്കും. എട്ടിന് വൈകീട്ട് 6.30ന് ഇന്ത്യൻ സ്കൂൾ, ഇസാ ടൗൺ അങ്കണത്തിൽ ‘ട്രിബ്യൂട്ട് ടു ബഹ്റൈൻ’ പൊതുപരിപാടിയിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം കർണാടക വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ, ബഹ്റൈൻ മന്ത്രിമാർ, എം.എ. യൂസുഫലി, ശിവഗിരി മഠം പ്രസിഡൻറ് സച്ചിദാനന്ദ സ്വാമികൾ, ജനറൽ സെക്രട്ടറി ശുഭകാനന്ദ സ്വാമികൾ, അംബാസഡർ, തുടങ്ങിയവരടക്കം പ്രമുഖർ പങ്കെടുക്കും. തുടർന്ന് സിനിമാതാരം നവ്യാനായരുടെ നൃത്തവും ശ്രീനാരായണ സമൂഹം ഒരുക്കുന്ന കലാവിരുന്നുകളും നടക്കും.
സെപ്റ്റംബർ ഒമ്പതിന് രാവിലെ പത്തു മുതൽ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന ‘കുട്ടികളുടെ പാർലമെൻറ്’ പരിപാടി മുൻ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ‘സംസ്കാരങ്ങളുടെ സംഗമം, മാനവമൈത്രിക്ക്’ എന്ന വിഷയം കുട്ടികളുടെ പാർലമെൻറ് ചർച്ച ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട 36 കുട്ടികൾ പങ്കെടുക്കും. 8, 9 തീയതികളിലെ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന പരിപാടികളിൽ എല്ലാവർക്കും പ്രവേശനമുണ്ട്. എസ്.എൻ.സി.എസ് ഓഡിറ്റോറിയത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, സനീഷ് കുറുമുള്ളിൽ (GSS), ബഹറിൻ ബില്ലവാസ് പ്രതിനിധി സമ്പദ് സുവർണ, ജനറൽ കൺവീനർ സുരേഷ് കരുണാകരൻ, ജനറൽ സെക്രട്ടറി വി.ആർ. സജീവൻ, ഇവന്റ് കോഓഡിനേറ്റർ സോമൻ ബേബി, വിസിറ്റ് ലൈസൺ ഇൻ ചാർജ് കൃഷ്ണകുമാർ ഡി, എസ്.എൻ.സി.എസ് വൈസ് ചെയർമാൻ സന്തോഷ് ബാബു എന്നിവർ പങ്കെടുത്തു.