മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ രണ്ടുമാസ കാലം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടിയായ ശ്രാവണം 2023 ന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് സെപ്റ്റംബർ 7 ന് നടക്കും. രാത്രി 8:00 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ പാർലമെന്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ മുഖ്യ അതിഥിയായി പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും വാർത്ത കുറിപ്പിൽ അറിയിച്ചു.
ഉദ്ഘാടനാനന്തരം പ്രമുഖ വാദ്യ കലാകാരന്മാരായ സുഭാഷ് ചേർത്തല, ശ്രീകുമാർ ചേർത്തല, പി.എസ്.നരേന്ദ്രൻ എന്നിവർ ചേർന്നൊരുക്കുന്ന “തിരുവോണപ്പുലരി” എന്ന ഇൻസ്ട്രമെൻറൽ ഫ്യൂഷൻ അരങ്ങേറും. ഇന്നുമുതൽ എല്ലാ ദിവസവും വിവിധങ്ങളായ കലാപരിപാടികളും കലാ മത്സരങ്ങളും നടക്കും. നാടൻ ശീലുകളുടെ ന്യുജൻ സംഗീത രുചിക്കൂട്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മസാല കോഫി ബാൻഡിൻ്റെ സംഗീത നിശ നാളെയാണ്.
ആഗസ്റ്റ് മൂന്നിന് തുടക്കം കുറിച്ച രണ്ട് മാസക്കാലം നീണ്ടു നിൽക്കുന്ന ഓണാഘോഷ പരിപാടികൾക്ക് ഈ മാസം 29 ന് നടക്കുന്ന മെഗാ പുലിക്കളിയോടെ സമാപനം കുറിക്കുമെന്ന് ഓണാഘോഷ പരിപാടിയുടെ ജനറൽ കൺവീനറായ സുനേഷ് സാസ്കോ അറിയിച്ചു.