മനാമ: ലോക ചരിത്രത്തിൽ അതുല്യമായ വ്യക്തിവൈശിഷ്ഠ്യം പുലർത്തിയ വിശ്വഗുരുവാണ് ശ്രീനാരായണ ഗുരുദേവനെന്നും ഗുരുവിന്റെ ദർശനം ഭാരതത്തിനും ലോകത്തിനും ഇന്നാവശ്യമാണെന്നും ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ബഹ്‌റൈനിൽ നടന്ന ചടങ്ങിൽ പറഞ്ഞു. ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി, ഗുരുദേവ സോഷ്യൽ സോസൈറ്റി, ഗുരുസേവ സമിതി (ബഹ്‌റൈൻ ബില്ലവാസ്) എന്നീ ശ്രീനാരായണീയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ബഹ്‌റൈനിൽ എത്തിയ അദ്ദേഹം 169-മത് ഗുരുദേവ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഭാരത ചരിത്രത്തിൽ നിരവധി മഹാഗുരുക്കന്മാർ അവതരിച്ചിട്ടുണ്ട്. “ധർമ്മ സംസ്ഥാപനമാണ് ജന്മോദ്ദേശം” ആ പാരമ്പര്യത്തിൽ കേരളത്തിൽ ജനിച്ച ശ്രീനാരായണ ഗുരു ലോക നേതാക്കൾക്ക് പോലും ആദരണീയനായി. നോബൽ സമ്മാന ജേതാവും ചിന്തകനുമായ റൊമൈൻ റോളൻ എഴുതിയ ശ്രീരാമകൃഷ്ണ – വിവേകാനന്ദ ജീവചരിത്രത്തിൽ കർമ്മനിരതനായ മഹാജ്ഞാനിയെന്നാണ് ഗുരുദേവനെ വിശേഷിപ്പിച്ചിട്ടുളളത്. ഗുരുദേവനെ ദർശിക്കാൻ കഴിഞ്ഞത് പുണ്യമായാണ് മഹാത്മാഗാന്ധി പോലും കണ്ടത്. മഹാകവി രവീന്ദ്രനാഥ ടാഗോറും അദ്ദേഹത്തിന്റെ വാത്സല്യഭാജനമായിരുന്ന സി. എഫ്. ആൻഡ്രൂസും ഗുരുദേവനെ ശിവഗിരിയിൽ സന്ദർശിക്കുകയും ഗുരുവിന്റെ ആദ്ധ്യാത്മിക മഹത്വം വെളിപ്പെടുത്തുകയും ചെയ്തു. ഗുരുവിനെ ദർശിച്ച ശേഷം ആൻഡ്രൂസ് പറഞ്ഞത് താൻ ദൈവത്തെ മനുഷ്യ രൂപത്തിൽ കണ്ടെന്നാണ്, മുൻ രാഷ്‌ട്രപതി തന്റെ പ്രസംഗത്തിൽ ഓർമിച്ചു.
മൂന്ന് ദിവസങ്ങളിലായി നടന്ന ആഘോഷപരിപാടികൾ ശ്രദ്ധേയമായി. ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് മുഖ്യ അതിഥിയായ ചടങ്ങിൽ ബഹ്‌റൈനിലെയും ഇന്ത്യയിൽ നിന്നുമുള്ള നിരവധി പേരാണ് സംബന്ധിച്ചത്. ബഹ്റൈൻ ഭരണകൂടത്തിനും ബഹ്‌റൈൻ ജനതയ്ക്കും ഇന്ത്യൻ സമൂഹത്തിനും നന്ദിയും അഭിവാദ്യവും അർപ്പിച്ചുകൊണ്ട് ആരംഭം കുറിച്ച 3 ദിവസത്തെ ചടങ്ങുകൾ 2023 സെപ്റ്റംബർ 7 വ്യാഴാഴ്ച്ച റാഡിസൺ ബ്ലൂവിൽ ആണ് ആരംഭം കുറിച്ചത്. തുടർന്ന് അത്താഴവിരുന്ന് ഒരുക്കിയിരുന്നു കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫ് അലി വിശിഷ്ടാതിഥികളായി പങ്കെടുത്ത ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ്, ബഹ്‌റൈനിലെയും ഇന്ത്യയിലെയും ഉന്നത ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ, മറ്റ് ക്ഷണിക്കപ്പെട്ട അഥിതികൾ, കുടുംബാംഗങ്ങൾ, മറ്റ് വിശിഷ്ട വ്യക്തികളും ബഹ്റൈൻ സമൂഹത്തിലെ നാനാ തുറയിൽ നിന്നുള്ളവരും പങ്കെടുത്തു.
സെപ്റ്റംബർ 8 വെള്ളിയാഴ്ച്ച ഇന്ത്യൻ സ്കൂൾ, ഇസാ ടൗൺ അങ്കണത്തിൽ “ട്രിബ്യൂട്ട് ടു ബഹ്റൈൻ” എന്ന പ്രധാന പൊതുപരിപാടിയായിരുന്നു ഏറെ ശ്രദ്ധേയമായത്. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിനൊപ്പം ചടങ്ങിൽ ശിവഗിരി മഠം പ്രസിഡൻറ് ബ്രഹ്മശ്രീ സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ ശുഭകാനന്ദ സ്വാമി, പ്രശസ്ത സിനിമാ താരം നവ്യാ നായർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ചടങ്ങിൽ ബഹ്‌റൈൻ ഇന്ത്യൻ സമൂഹത്തിൽ തിളങ്ങുന്ന വ്യക്തിത്വങ്ങൾക്ക് മുൻ രാഷ്ട്രപതി അവാർഡുകൾ സമ്മാനിച്ചു.
‘ശ്രീ നാരായണ ഗുരു – സ്പിരിറ്റ് ഓഫ് ഹ്യൂമനിസം അവാർഡ്’ ജോർജ് ചെറിയാൻ, സി ഇ ഓ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ,മഹേഷ് ദേവ്ജി, മാനേജിംഗ് ഡയറക്ടർ – ദേവ്ജി,രാജശേഖരൻ പിള്ള, മാനേജിംഗ് ഡയറക്ടർ – നാഷണൽ ഫയർ ഫൈറ്റിംഗ് കമ്പനി ഡബ്ല്യു. എൽ. എൽ. എന്നിവർക്കും സ്ഥാപനങ്ങൾക്കു നൽകിയ അവാർഡുകൾ സുശീൽ മുൽജിമൽ, (വിഎം ബ്രോസ്),ബാബു കേവൽറാം, (കേവൽറാം ആൻഡ് സൺസ്) ഭഗവാൻ അസർപോട്ട, (ഹരിദാസ് സൺസ് ഡബ്ല്യു.എൽ.എൽ). എന്നിവരും സ്വീകരിച്ചു.
വി. ജയശങ്കർ, ജി. പ്രദീപ് കുമാർ, ഹാജി അബ്ദുൾ റസാഖ്, ഹജ്മാദി, ഹബീബ് റഹ്മാൻ, കെ.എസ്. ഷെയ്ഖ് കർണിരെ,അനിൽ നവാനി, എന്നിവരെ ശ്രീ നാരായണ ഗുരു – ഓർഡർ ഓഫ് സോഷ്യൽ കോൺഷ്യസ്‌നെസ് അവാർഡ് നൽകി ആദരിച്ചു.
തൊട്ടടുത്ത ദിവസം ഇന്ത്യൻ സ്ക്കൂളിൽ വച്ച് നടന്ന “കുട്ടികളുടെ പാർലമെൻറ്” ആയിരുന്നു മുൻ രാഷ്ട്രപതിയുടെമറ്റൊരു പ്രധാന പരിപാടി . “സംസ്കാരങ്ങളുടെ സംഗമം, മാനവ മൈത്രിക്ക് ” എന്ന വിഷയം കുട്ടികളുടെ പാർലമെൻറിൽ ചർച്ച ചെയ്തു. വിവിധ ക്ലബുകളെയും, സംഘടനകളെയും, സ്കൂളുകളെയും പ്രതിനിധികരിച്ചു 4 വീതം അടങ്ങുന്ന 9 ഗ്രൂപ്പായി തിരിച്ചു 36 കുട്ടികൾ പങ്കെടുത്തു.
“ശുക്രൻ ബഹറൈൻ” എന്ന സന്ദേശത്തിൽ നടന്ന പരിപാടികളിൽ ശ്രീനാരായണ ഗുരുവിന്റെ ഏറ്റവും പ്രധാനപ്പെട്ട സൂക്തമായ “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന” ആപ്ത വാക്യത്തിൽ ഊന്നി എല്ലാ മതങ്ങളും തരുന്ന സന്ദേശങ്ങളിലൂന്നിയുള്ള പ്രവർത്തനത്തിൽ പങ്കാളികളാകാൻ ഓരോരുത്തർക്കും സാധ്യമാകട്ടെ എന്ന് മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. സംഘാടകരുടെ ബഹ്‌റൈനിലെ ആസ്‌ഥാനങ്ങൾ സന്ദർശിക്കാനും മുൻ രാഷ്‌ട്രപതി അദ്ദേഹത്തിന്റെ സമയം നീക്കിവച്ചു.
രാം നാഥ് കോവിന്ദിനൊപ്പം, ശിവഗിരി മഠം പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി ശുഭകാനന്ദ സ്വാമി, ചലച്ചിത്ര താരം നവ്യാ നായർ തുടങ്ങിയവർ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (എസ് എൻ സി എസ്), ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജി എസ് എസ്) എന്നിവടങ്ങളിൽ ഹൃസ്വ സന്നർശനങ്ങൾ നടത്തുകയുണ്ടായി. കെ ജി ബാബുരാജ് രക്ഷാധികാരിയും , സുരേഷ് കരുണാകരൻ ജനറൽ കൺവീനറുമായുള്ള ആഘോഷക്കമ്മിറ്റിക്ക് സുനീഷ് സുശീലൻ (എസ്എൻസിഎസ് ചെയർമാൻ) വി.ആർ.സജീവൻ (എസ്.എൻ.സി.എസ് ജനറൽ സെക്രട്ടറി), സനീഷ് കൂറുമുള്ളിൽ (ജി.എസ്.എസ്.ചെയർമാൻ), ബിനു രാജ് രാജൻ (ജി.എസ്.എസ് ജനറൽ സെക്രട്ടറി), ഹരീഷ് പൂജാരി (ബഹ്റൈൻ ബില്ലവാസ് പ്രസിഡന്റ്) രൂപേഷ് കുമാർ (ബഹ്‌റൈൻ ബില്ലവാസ് ജനറൽ സെക്രട്ടറി),
സോവിച്ചൻ ചെന്നാട്ടുശ്ശേരി, സോമൻ ബേബി (മാധ്യമപ്രവർത്തകൻ) എന്നിർ നേതൃത്വം നൽകി.