മനാമ: ബഹ്‌റൈനിലെ പ്രമുഖ ജീവകാരുണ്യ കൂട്ടായ്മയായ കേരള ഗാലക്സി ബഹ്‌റൈൻ, ബഹ്‌റൈൻ മീഡിയ സിറ്റിയുമായി ചേർന്ന് ‘ശ്രാവണ മഹോത്സവം 2023’ എന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടന വേളയിൽ പാവപ്പെട്ട തൊഴിലാളികൾക്കായി വിതരണം ചെയ്യുന്ന 200 ഓണകിറ്റുകളുടെ വിതരണ ഉദ്ഘാടനം ക്യാപ്പിറ്റൽ ഗവർണർ ഫോളോ അപ്പ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി നിർവഹിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇഹജാസ് അസ്ലം, ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കേരള ഗ്യാലക്സി ഗ്രൂപ്പ് ബഹ്‌റൈൻറെ രക്ഷാധികാരി വിജയൻ കരുമല, മറ്റ് ശ്രാവണ മഹോത്സവം കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.
ബഹ്‌റൈനിലെ ലേബർ ക്യാമ്പുകളിൽ താമസിക്കുന്നവർക്കും ജോലിയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുമാണ് പ്രധാനമായും കിറ്റുകൾ കൈമാറിയത്. കേരള ഗാലക്സി ബഹ്‌റൈൻ എക്സിക്യൂട്ടീവ് അംഗങ്ങളായ സിബി കുര്യൻ, ജിതിൻ പേരാമ്പ്ര, രാജീവൻ കൊയിലാണ്ടി, വിജയൻ ഹമദ് ടൗൺ, ഷക്കീല മുഹമ്മദലി തുടങ്ങിയവൻ ചടങ്ങിൽ പങ്കെടുത്തു. ഫണ്ട് സമാഹാരണത്തിന് മുൻകൈയെടുത്തു പ്രവർത്തിച്ച കേരള ഗാലക്സി ബഹ്‌റൈൻ കൂട്ടായ്മ അംഗങ്ങൾക്ക് ചടങ്ങിൽ കേരള ഗാലക്സി ബഹ്‌റൈൻ മുഖ്യ രക്ഷാധികാരിയും ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകനുമായ വിജയൻ കരുമല നന്ദിയും അറിയിച്ചു.
ചടങ്ങിൽ വച്ച് ശ്രാവണ മഹോത്സവം ആഘോഷങ്ങളും ആയി സഹകരിച്ചതിന് കേരള ഗാലക്സി രക്ഷാധികാരി വിജയൻ കരുമലക്ക് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉപഹാരം സമ്മാനിച്ചു.