കഠിനമായ വയറു വേദന! പിത്താശയത്തിൽ നിന്നും പുറത്തെടുത്തത് 325 കല്ലുകൾ: മുഹറഖ് അൽ ഹിലാലിലെത്തിയ ഇന്ത്യക്കാരന് തുണയായി സർജന്മാർ

മനാമ: കഠിനമായ വയറുവേദനയെ തുടർന്ന് മുഹറഖ് അൽ ഹിലാലിൽ എത്തിയ രോഗിക്ക് തുണയായി സർജന്മാർ. മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിൽ ബേബിസൺ ജോൺസൺ (36) എന്ന ഇന്ത്യക്കാരന്   അടിയന്തിര കോലീസിസ്റ്റക്ടമിയിലൂടെ 325 പിത്താശയ കല്ലുകൾ പുറത്തെടുത്തു. മൂന്നു ദിവസത്തെ കഠിനമായ വയറു വേദനയെത്തുടർന്നാണ് ഇദ്ദേഹം ആശുപത്രിയിൽ എത്തുന്നത്. ഗുരുതരമായ അവസ്ഥയെത്തുടർന്ന് അൾട്രാസൗണ്ട് സ്കാനിംഗ് ചെയ്യുകയും പിത്താശയത്തിൽ ഒന്നിലധികം കല്ലുകൾ കണ്ടെത്തുകയും ചെയ്തു.

അൽ ഹിലാൽ ആശുപത്രിയിലെ സീനിയർ ഡോക്ടറും ജനറൽ സർജനുമായ ഡോ. മുഹമ്മദ് സലീമിന്റെ നേതൃത്വത്തിൽ കോലീസിസ്റ്റക്ടമി നടത്തുകയും രോഗിയുടെ പിത്താശയത്തിൽ നിന്ന്  4 മില്ലീമീറ്റർ മുതൽ 20 മില്ലിമീറ്റർ വരെ വ്യാസമുള്ള 325 വ്യത്യസ്ത കല്ലുകൾ  പുറത്തെടുക്കുകയും ചെയ്തു. രോഗി ഇപ്പോൾ
നല്ല രീതിയിൽ സുഖം പ്രാപിച്ചു വരികയാണെന്ന് അൽ ഹിലാൽ അധികൃതർ അറിയിച്ചു.