മനാമ: ഇന്ത്യൻ സ്‌കൂൾ കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023 ന്റെ ഭാഗമായ ക്രിക്കറ്റ് മത്സരങ്ങളുടെ ഫൈനൽ ഒക്ടോബർ 13 നു വെള്ളിയാഴ്ച നടക്കും. ഒക്‌ടോബർ 12നു വ്യാഴാഴ്ച നടക്കുന്ന ആദ്യ സെമി ഫൈനലിന്റെ ഇന്ത്യൻ സ്‌റ്റേറ്റ്‌സ് വിഭാഗത്തിലെ ആദ്യ മത്സരത്തിൽ മഹാരാഷ്ട്ര എ ടീം മഹാരാഷ്ട്ര ബി ടീമിനെ നേരിടും. രണ്ടാം സെമിഫൈനൽ മത്സരത്തിൽ ഗുജറാത്ത് കർണാടകയെ നേരിടും. ഓപ്പൺ ടീം വിഭാഗത്തിലെ സെമിഫൈനലിൽ ഷഹീൻ ഗ്രൂപ്പ് എയും എസ്എൻസിഎസ് റോയൽ റൈഡേഴ്സും മത്സരിക്കും. ഈ വിഭാഗത്തിലെ രണ്ടാം സെമിയിൽ റിഫ ഇന്ത്യ സ്റ്റാർസുമായി സ്മാർട്ട് സിസി മത്സരിക്കും.
ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിലാണ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിലെ ഫ്ലഡ്‌ലൈറ്റ് ഗ്രൗണ്ടിൽ രാത്രി 7.30 ന് മത്സരം ആരംഭിക്കും. ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച നടക്കും. എല്ലാ ടീമുകളും തുല്യ ശക്തികളായതിനാൽ ആവേശകരമായ മത്സരമാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ സ്‌കൂൾ കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023 വിജയിപ്പിക്കാൻ ഇന്ത്യൻ എംബസിയും ഇന്ത്യൻ സ്‌കൂളും സഹകരിച്ചു പ്രവർത്തിച്ചു വരുന്നു. സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ഏവരെയും ക്ഷണിച്ചു. എല്ലാ ടീമുകൾക്കും വെള്ളിയാഴ്ച ജഷൻമാൾ ഓഡിറ്റോറിയത്തിൽ ഇന്ത്യൻ എംബസി അധികൃതരുടെ സാന്നിധ്യത്തിൽ സർട്ടിഫിക്കറ്റ് സമ്മാനിക്കും. ഇന്ത്യൻ കമ്മ്യുണിറ്റി ഫെസ്റ്റിന്റെ ഭാഗമായ ക്രിക്കറ്റ് മത്സരങ്ങൾ കാണുന്നതിന് സ്‌കൂൾ സെക്രട്ടറി സജി ആന്റണി ഏവരെയും ക്ഷണിച്ചു. ഇക്കഴിഞ്ഞ ജൂണിൽ ആരംഭിച്ച ഏറ്റവും ദൈർഘ്യമേറിയ വാരാന്ത്യ ഷെഡ്യൂൾ ഫോർമാറ്റാണ് ഈ ടൂർണമെന്റെന്ന് സ്‌കൂൾ ഭരണ സമിതി അംഗം-സ്പോർട്സ് രാജേഷ് നമ്പ്യാർ പറഞ്ഞു. സ്‌പോർട്‌സ് ടീമുകൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റും ഉണ്ടായിരിക്കുമെന്ന് കൺവീനർ ആദിൽ അഹമ്മദ് പറഞ്ഞു.