മനാമ: “വെളിച്ചമാണ് തിരുദൂതർ” എന്ന കേമ്പയിനിൻ്റെ ഭാഗമായി ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ സൗഹൃദ സംഗമം നടത്തി. മാനുഷിക മൂല്യങ്ങൾക്ക് ഏറ്റവും കൂടുതൽ മഹത്വം കല്പിച്ച മഹാമനീഷിയാണ് മുഹമ്മദ് നബി എന്ന് പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ ശരീഫ് മാസ്റ്റർ കായണ്ണ പറഞ്ഞു. സകല നന്മകളും ജീവിതത്തിൽ പകർത്തുവാൻ തൻ്റെ അനുയായികളോട് പ്രവാചകൻ ആവശ്യപ്പെട്ടു.
സമാനതകളില്ലാത്ത മനുഷ്യ സ്നേഹം പ്രചരിപ്പിക്കുകയും സാഹോദര്യത്തിനും സഹവർത്തിത്തത്വിനും പ്രാധാന്യം നൽകുകയും ചെയ്ത പ്രവാചകനെയാണ് ചരിത്രത്തിൽ കാണാൻ കഴിയുക. സൗഹൃദ സംഗമങളിലൂടെ പ്രവാചകനെ കുറിച്ചുളള തെറ്റിദ്ധാരണകൾ നീക്കുവാനും നമുക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപെട്ടു.
ഏരിയാ പ്രസിഡൻ്റ് സമീർ ഹസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബഷീർ പി.എം പ്രാർത്ഥനാ ഗീതം ആലപിച്ചു. ജലീൽ മാമീർ സ്വാഗതം പറഞ്ഞു. ഷാരോൺ, റഹീം എന്നിവർ ഗാനങ്ങൾ ആലപിച്ചു. അബ്ദുൽ ഹഖ് സമാപന പ്രസംഗം നടത്തി. ഇർഷാദ് കുഞ്ഞികനി അവതാരകനായിരുന്നു.