മനാമ: മലയാളികൾക്ക് മറക്കാനാകാത്ത ഒട്ടനവധി ഗാനങ്ങൾ സമ്മാനിച്ച കെ രാഘവൻ മാസ്റ്ററെ അനുസ്മരിച്ച് ബഹ്‌റൈൻ പ്രതിഭ -സ്വരലയ ഒരുക്കിയ ഗാനാഞ്ജലി ‘എങ്ങനെ നീ മറക്കും’ എന്ന സംഗീത പരിപാടി കെസിഎ ഹാളിൽ നടന്നു. പ്രതിഭയുടെ ഇരുപത്തിയൊമ്പതാം കേന്ദ്ര സമ്മേളന അനുബന്ധ പരിപാടിയായാണ് ഗാനാഞ്ജലി സംഘടിപ്പിച്ചത്.
പ്രതിഭ സ്വരലയ ഗായകർക്കൊപ്പം രാഘവൻ മാസ്റ്ററുടെ പ്രിയ ശിഷ്യനും ഗായകനുമായ വി ടി മുരളി ഗാനങ്ങൾ ആലപിച്ചും, ഗാനങ്ങളെ അതിൻ്റെ ആഴത്തിലുള്ള വിശകലനങ്ങളിലൂടെ അവതരിപ്പിച്ച് ആലപിക്കുകയും പരിപാടിയെ ആകെ നിയന്ത്രിക്കുകയും ചെയ്തത് സദസിന് വേറിട്ടൊരു അനുഭവമായി.
വി ടി മുരളിയും , പ്രതിഭ സ്വരലയ ഗായകരും , ബഹ്‌റൈൻ സംഗീതലോകത്തെ മറ്റ് ഗായകരും മലയാളികൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങളെ നിറഞ്ഞ സദസിനെ സാക്ഷിയാക്കി അവതരിപ്പിച്ചു. മനോജ് വടകരയുടെ നേതൃത്വത്തിലുളള ലൈവ് ഓർക്കസ്ട്രേഷൻ പാട്ടുകളെ അതീവ മനോഹരമാക്കി.
പരിപാടിക്ക് പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി സ്വാഗതം ആശംസിച്ചു. വി.ടി.മുരളിക്കുള്ള പ്രതിഭയുടെ സ്നേഹോപഹാരം പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത് കൈമാറി. സംഘാടക സമിതി കൺവീനർ എൻ.വി ലിവിൻ കുമാർ നന്ദി രേഖപ്പെടുത്തി.