മനാമ: ലിബറലിസവും ഉദാര ലൈംഗിക ചിന്തകളും മനുഷ്യരെ സർവനാശത്തിലേക്കാണ് കൊണ്ടെത്തിക്കുകയെന്ന് പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ വ്യക്തമാക്കി. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ “കാലിക ചിന്തകൾ” എന്ന വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തിന്റെയും സമൂഹത്തിന്റെയും നിയന്ത്രണത്തിൽ നിന്നും വ്യക്തിയെ പരമാവധി മോചിപ്പിച്ചു തോന്നിയത് പോലെ ജീവിക്കാൻ പ്രേരിപ്പിക്കുകയെന്നതാണ് നിലവിൽ നവലിബറലിസത്തിന്റെ വക്താക്കൾ ചെയ്തു കൊണ്ടിരിക്കുന്നത്. സ്‌കൂൾ, കോളജ് കാമ്പസുകളിലും സോഷ്യൽ മീഡിയകളിലും പൊതു ഇടങ്ങളിലുമൊക്കെ ഇതിന്റെ സ്വാധീനം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇത് മൂലമുണ്ടാവുന്ന ദുരന്തങ്ങളും അനുദിനം അഭൂത പൂർവമായി വർധിക്കുന്നു.
നമ്മുടെ രാജ്യം നേരിടുന്ന ഫാഷിസമെന്ന ഭീഷണിയെ മാനവികതയും സഹവർത്തിത്വവും കൊണ്ട് ചെറുക്കാൻ സാധിക്കണം. സാംസ്‌കാരിക, ആശയ വൈവിധ്യങ്ങളുടെ പൂങ്കാവനമായി വളർന്നു വന്ന ഇന്ത്യൻ ദേശീയതയെ ലോകം അത്ഭുതത്തോടെയും ആദരവോടെയുമായിരുന്നു നോക്കിക്കണ്ടിരുന്നത്. വംശവെറിയുടെയും അപര ഉന്മൂലനത്തിന്റെയും മൂർത്തീമദ്ഭാവമാണ് ഫാഷിസം എടുത്തണിഞ്ഞിരിക്കുന്നത്.
കേവലമായ ഭൗതിക ചുറ്റുപാടുകളിൽ നിന്ന് ആശയങ്ങളെ രൂപീകരിക്കപ്പെടുമ്പോൾ അത് മനുഷ്യ വിമോചനത്തിലേക്കും മാനവിക നന്മയിലേക്കും എത്തപ്പെടുകയില്ല. ദൈവിക മതങ്ങൾ മൂല്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. വിവിധ കാലങ്ങളിൽ ഉദയം ചെയ്ത പ്രവാചകന്മാർ അവരുടെ കാലഘട്ടങ്ങളിൽ നിലവിലുണ്ടായിരുന്ന സാമൂഹിക തിന്മകൾക്കെതിരെയാണ് ശബ്ദിച്ചിരുന്നത്. അവർ സമൂഹത്തിനു പരിചയപ്പെടുത്തിയ ധാർമിക വിചാരങ്ങളിലേക്കും നന്മകളിലേക്കും തിരിച്ചു പോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ സ്വാഗതമാശംസിച്ചു. വൈസ് പ്രസിഡന്റ് സുബൈർ എം.എം സമാപനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി, യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി.കെ, എക്സിക്യൂട്ടീവ് അംഗം അജ്‌മൽ ഷറഫുദ്ധീൻ എന്നിവരും സന്നിഹിതരായിരുന്നു, ഏരിയ പ്രസിഡന്റ് ഫാറൂഖ് വി.പി, വനിതാ വിഭാഗം പ്രസിഡന്റ് സാജിദ സലീം, റഷീദ സുബൈർ, ജാസിർ പി.പി, മുനീർ എം.എം, അബ്ദുല്ലത്തീഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.