ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ അക്കൗണ്ടിംഗ് പ്രസ്ഥാനം ഡിലോയിറ്റ് കണ്ടെത്തിയ മികച്ച 100 അന്താരാഷ്ട്ര ആഡംബര ബ്രാൻഡുകളിൽ ഒന്നായി ഇന്ത്യക്കാരുടെ അഭിമാനമായ കല്യാൺ ജൂവല്ലേഴ്‌സ് തെരഞ്ഞെടുക്കപ്പെട്ടു. ആഭരണങ്ങളുടെ ഗുണനിലവാരം, മാറുന്ന പ്രവണതകൾക്കനുസരിച്ചുള്ള ആഭരണ ശൈലിയുടെ നവീന ആവിഷ്ക്കാരം, പാരമ്പര്യ തനിമ ചോരാതെയുള്ള ശില്പ ഘടന, വില്പനാനന്തര സേവന മികവ്, ഔട്ലെറ്റുകളിലെ ഊഷ്മളമായ സ്വീകരണം, ജീവനക്കാർക്ക് കിട്ടിയിരിക്കുന്ന പരിശീലനവും അറിവും, ഔട്ലെറ്റുകളുടെ വിസ്തൃതി, ഉപഭോക്താവിനോടുള്ള ഫോളോഅപും പ്രതിബദ്ധതയും, ആഡംബര വിഭവങ്ങളുടെ മികച്ച വില നിലവാരം, കസ്റ്റമൈസ്‌ഡ് സേവനത്തിലെ പുതുമകൾ ഇങ്ങനെ വിവിധ ഘടകങ്ങളിൽ കല്യാൺ ജുവെല്ലേഴ്‌സ് പുലർത്തുന്ന മെറിറ്റ് ആണ് ഈ സ്ഥാനത്ത് സ്ഥാപനത്തെ എത്തിച്ചത്. കൂടുതൽ മികവിലേക്കും ഗുണനിലവാര ത്തിലേക്കും കല്യാണിന് സഞ്ചരിക്കാൻ ഈ ആഗോള അംഗീകാരം പ്രോത്സാഹനം നൽകുകയാണെന്ന് ചെയർമാൻ T S കല്യാണരാമൻ അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ 100 ഔട്ലെറ്റുകൾ തുറക്കുന്ന ആദ്യത്തെ ആഭരണ ബ്രാൻഡ് എന്ന കീർത്തിയും കല്യാൺ സ്വന്തമാക്കിയിട്ടുണ്ട്. മിഡ്‌ഡിൽ ഈസ്റ്റ് മേഖലയിൽ 32 ഔട്ലെറ്റുകൾ ഉള്ള കല്യാൺ ജൂവല്ലേഴ്‌സ് ഈ അടുത്ത് ദുബായിൽ തങ്ങളുടെ ബ്രാൻഡ് അംബാസഡർ ഷാരുഖ് ഖാനെ കൊണ്ട് വന്ന് ഇടപാടുകാരുമായി ഇടപഴകാൻ അവസരം നൽകിയത് വൻ മാധ്യമ ശ്രദ്ധയും ജനകീയ അഭിപ്രായവും നേടിയെടുത്തിരുന്നു. ആഗോള ചലച്ചിത്ര മേഖലയിൽ സർവ സ്വീകാര്യനായ അമിതാഭ് ബച്ചൻ ദീർഘകാലമായി കല്യാൺ ജൂവല്ലേഴ്സിന്റെ പ്രചാരകനും അംബാസ്സഡറുമാണ്.
തങ്ങളുടെ കാൽ നൂറ്റാണ്ടു പിന്നിട്ട പാരമ്പര്യത്തിൻറെ ശക്തിയിൽ നിന്ന് ഏതു തലമുറയ്ക്കും അഭികാമ്യമായ ആഭരണ ശ്രേണിയുമായി മുന്നോട്ടു പോകുമെന്നും അതിവിപുലമായ ഒരു നെറ്റ് വർക് ആയി ഇന്ത്യയ്ക്കകത്തും പുറത്തും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നും കല്യാൺ ഡയറക്ടർ മാരായ രാജേഷ് കല്യാണരാമനും രമേഷ് കല്യാണരാമനും അറിയിച്ചു. ഓരോരോ മേഖലയുടെയും രീതികൾക്കും ശൈലികൾക്കും അനുസരിച്ചുള്ള ആഭരണ ഡിസൈനുകൾ അതാതു കാലഘട്ടത്തിൽ അവതരിപ്പിക്കുന്നതിന് കുറ്റമറ്റ ഒരു ഗവേഷണ വികസന വിഭാഗം പ്രവർത്തിക്കുന്നത് തങ്ങളുടെ ശക്തിയാണെന്ന് കല്യാൺ ജൂവല്ലേഴ്‌സ് മാനേജ്മെൻറ് വ്യക്തമാക്കി.
100 ആഗോള ആഡംബര ബ്രാൻഡുകളിൽ ഒന്നായി കല്യാൺ തെരെഞ്ഞെടുക്കപ്പെട്ടതിൽ ഡിലോയിറ്റ് പ്രസ്ഥാനത്തിനും ലോകമെങ്ങുമുള്ള കല്യാൺ ഉപഭോക്താക്കൾക്കും നെറ്റ് വർക് പങ്കാളികൾക്കും മാനേജ്‌മെൻറ് നന്ദി പ്രകാശിപ്പിച്ചു .