മനാമ: മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി സ്വതന്ത്രവും, ഭയരഹിതവുമായി വിദ്യാർഥികൾക്ക് പഠിപ്പിക്കുന്നതിന് ആവശ്യമായ സാഹചര്യം ഇന്ത്യൻ സ്കൂൾ കാമ്പസിൽ ഒരുക്കാൻ ഭരണസമിതിക്ക് കഴിഞ്ഞെന്നും അതുകൊണ്ടാണ് പഠന- പഠനേതര വിഷയങ്ങളിൽ സ്കൂൾ മികച്ച നിലവാരം കാത്തു സൂക്ഷിക്കുന്നതെന്നും പ്രോഗ്രസീവ് പാരന്റ്സ് അലയൻസ് (പി.പി.എ).
സ്കൂൾ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിനു മണ്ണിൽ നേതൃത്വം നൽകുന്ന പാനൽ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പരാജയ ഭീതിപൂണ്ട പ്രതിപക്ഷം നുണ പ്രചരിപ്പിക്കുകയാണ്. ആധുനിക വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള പാഠ്യപദ്ധതികൾ സ്കൂളിൽ നടപ്പാക്കിയിട്ടുണ്ട്.
കോവിഡ് കാലപ്രതിസന്ധിയിൽ അടക്കം സ്കൂളിനെ മികച്ച രീതിയിൽ നയിക്കാൻ ഭരണസമിതിക്കായി. റിഫ കാമ്പസ് നിർമാണവുമായി ബന്ധപ്പെട്ട് ഇൻഫ്രാസ്ട്രക്ചർ ഫീസ് ആയി 2015 മുതൽ 2023 വരെ സമാഹരിച്ചത് 39,55,320 ദീനാറാണ് എന്നാൽ ബാങ്ക് ലോൺ റീപ്പേമെന്റ് അടക്കം 42,36,817 ദീനാർ ചെലവാക്കിയിട്ടുണ്ട്.
മുൻ കമ്മിറ്റി ടീച്ചേഴ്സിന്റെ ഇൻഡമിനിട്ടി അനുകൂല്യങ്ങൾ നൽകേണ്ട റിസർവ് ഫണ്ട് പണയം വെച്ചിട്ടും 2015മുതൽ 23 വരെയുള്ള കാലയളവിൽ സ്കൂളിൽനിന്ന് റിട്ടയർ ചെയ്ത 200ൽ പരം ജീവനക്കാർ അടക്കം എല്ലാ ജീവനക്കാർക്കും മുഴുവൻ ആനുകൂല്യങ്ങളും നൽകിയിട്ടുണ്ട്. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി രക്ഷാകർത്താക്കളെ തെറ്റിദ്ധരിപ്പിച്ച് അധികാരത്തിലെത്തുക എന്നത് പി.പി.എയുടെ നയമല്ലെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ അഡ്വ. ബിനു മണ്ണിൽ, മറ്റ് സ്ഥാനാർഥികൾ, ഇലക്ഷൻ കമ്മിറ്റി നേതാക്കൾ എന്നിവർ പങ്കെടുത്തു.