മനാമ: കെ. എൻ. ബി. എ യുടെ നേതൃത്വത്തിൽ മസ്കത്തിലെ ഖുറം മൈതാനിയിൽ ഒമാനും യു. എ. ഇ യും സംയുക്തമായി സംഘടിപ്പിച്ച ടൈറ്റിൽസ് കപ്പ് ഇന്റർനാഷനൽ നാടൻ പന്ത് കളി ടൂർണമെന്റിൽ ബഹ്റൈൻ കേരള നേറ്റിവ് ബാൾ ഫെഡറേഷൻ ( ബി. കെ. എൻ. ബി. എഫ് ) വിജയികളായി. അത്യന്തം വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ യു. എ. ഇ. സെവൻസിനെ പരാജയപ്പെടുത്തി ടൈറ്റിൽസ് കപ്പിൽ ബി. കെ. എൻ. ബി. എഫ് മുത്തമിട്ടു.
ബി. കെ. എൻ ബി. എഫ് താരം ശ്രീരാജിനെ മികച്ച കൈവെട്ടുകാരനായും, ടൂർണമെന്റിലെ മികച്ച കളിക്കാരനായും തെരഞ്ഞെടുത്തു.ബി. കെ. എൻ. ബി. എഫ് താരം ബിനുവിനെ ഫൈനലിലെ മികച്ച കളിക്കാരനായും, ടൂർണമെന്റിലെ മികച്ച കാലടിക്കാരനായും തിരഞ്ഞെടുത്തു. ടൂർണമെന്റിൽ വിജയികളായ ശേഷം തിരികെ എത്തിയ ടീമിന് ബി. കെ. എൻ ബി. എഫ് അംഗങ്ങൾ ബഹ്റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി.