മനാമ: കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റും നികോണും ചേർന്ന് സംഘടിപ്പിച്ച ഫ്രീ ഫിലിം വർക്ക് ഷോപ്പുകളിൽ പങ്കെടുത്ത കുട്ടികൾക്കുവേണ്ടി 10 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവർ ഈ മാസം 14 മുതൽ ജനുവരി 31 വരെ ഷൂട്ട് ചെയ്ത ഫിലിം സമർപ്പിക്കണമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നടൻ മോഹൻലാൽ ചെയർമാനായ കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഗ്രൂപ് നടൻ രവീന്ദ്രന്റെ നേതൃത്വത്തിലാണ് ബഹ്റൈനിലെ അഞ്ചു സ്കൂളുകളിലെ വിദ്യാർഥികൾക്കുവേണ്ടി ഫിലിം വർക്ക് ഷോപ്പ് നടത്തിയത്. ഷോർട്ട് ഫിലിം മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് കാമറയും മറ്റുപകരണങ്ങളും ഉപയോഗത്തിനായി സൗജന്യമായി നൽകും.
വിജയികളാകുന്നവർക്ക് ഒന്നാം സമ്മാനമായി ഇസഡ് 30 നികോൺ കാമറ നൽകും. 150 ബഹ്റൈൻ ദിനാർ വീതം വരുന്ന നിക്കോൺ ഉൽപന്നങ്ങളുടെ വൗച്ചർ രണ്ടാം സമ്മാനമായും മൂന്നാം സമ്മാനമായും നൽകും. സമ്മാനങ്ങൾ മാർച്ച് ആദ്യം ബഹ്റൈനിൽ നടക്കുന്ന മിഡിൽ ഈസ്റ്റ് കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ നൽകും.
മാർച്ചിൽ നടക്കുന്ന മിഡിൽ ഈസ്റ്റ് കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ വിജയികളാകുന്നവർക്ക് ഒന്നാം സമ്മാനമായി 1000 ദിനാർ വിലവരുന്ന നിക്കോൺ ഉൽപന്നങ്ങളുടെ വൗച്ചർ നൽകും. രണ്ടാം സമ്മാനമായി 700 ദിനാർ വിലവരുന്ന വൗച്ചറും മൂന്നാം സമ്മാനമായി 400 ദിനാർ മൂല്യമുള്ള വൗച്ചറുകളും സമ്മാനമായി നൽകുമെന്ന് സംഘാടകർ അറിയിച്ചു.
വാർത്തസമ്മേളനത്തിൽ നടൻ രവീന്ദ്രൻ, നിക്കോൺ മിഡിൽ ഈസ്റ്റ് എം.ഡി നരേന്ദ്രമേനോൻ, മിഡിൽ ഈസ്റ്റ് സെയിൽസ് ഹെഡ് അക്ഷയ് തൽവർ, ബഹ്റൈൻ സെയിൽസ് ഹെഡ് ജലീൽ എന്നിവർ പങ്കെടുത്തു. ലാൽ കെയേഴ്സ് പ്രസിഡന്റ് എഫ്.എം. ഫൈസൽ, കോഓഡിനേറ്റർ ജഗത് കൃഷ്ണകുമാർ, തോമസ് ഫിലിപ്പ് എന്നിവർ സംബന്ധിച്ചു.